ന്യൂഡൽഹി: മന്ത്രിമാരുടെയും രാഷ്ട്രീയ പ്രമുഖരുടെയും മറ്റു വിവിഐപികളുടെയും വിദേശയാത്രകൾ ലോകശ്രദ്ധ ആകർഷിക്കാറുണ്ട്. രാഷ്ട്രീയ പ്രചരണാർത്ഥം ദുബായിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ സന്ദർശനത്തിന് പിന്നാലെ ചിവ വാർത്തകൾ സോഷ്യഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ദുബായിലെ ഹിൽട്ടൺ ഹോട്ടലിൽ 1500 പൗണ്ട് (ഏകദേശം 1,36,000) രൂപ വില വരുന്ന പ്രഭാതഭക്ഷണം രാഹുൽ ഗാന്ധി കഴിക്കുന്നു എന്ന അടിക്കുറിപ്പോടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഭക്ഷണത്തിൽ ബീഫ് ഉൾപ്പെട്ടിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നുണ്ട്. ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ആഹാരം കഴിച്ച ശേഷം പട്ടിണിയെ കുറിച്ച് രാഹുൽ ചർച്ച ചെയ്തെന്ന രീതിയിൽ ചില രാഷ്ട്രീയ ട്രോളൻമാരും വാർത്ത പ്രചരിപ്പിച്ചു. രാഹുലിനൊപ്പം പ്രമുഖ വ്യവസായി എം.എ.യൂസഫലിയും, ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണി വർക്കിയും, കോൺഗ്രസ് ഉപദേഷ്ടാവ് സാം പിത്രോദയും ചിത്രത്തിലുണ്ട്.
എന്നാൽ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യൂസഫ് അലിയുടെ ഓഫിസ് അധികൃതർ അറിയിച്ചു. ജെംസ് എഡ്യൂക്കേഷൻ ഉടമ സണ്ണിയുടെ വസതിയിലായിരുന്നു വിരുന്നെന്ന് യൂസഫ് അലിയുടെ ഓഫിസ് വ്യക്തമാക്കി. ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻ മാനേജർ വി.നന്ദകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റിഷി ബാഗ്രി എന്നയാളുടെ ട്വിറ്ററിൽ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജ പ്രചാരണത്തിന്റെ ഉറവിടമെന്ന് കണ്ടെത്തിയിരുന്നു. നേരത്തേയും ഇയാളുടെ അക്കൗണ്ടിൽ നിന്ന് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ദുബായിലെ ഹിൽട്ടണിൽ ആഹാരത്തിന് '1500 പൗണ്ട്' എന്ന കാര്യവും തെറ്റാണ്. ദുബായിൽ ദിർഹം ആണെന്ന കാര്യം പാവം വ്യാജ ട്രോളൻ മറന്നു പോയതാണ്. ഇതൊന്നും ശ്രദ്ധിക്കാതെ നിരവധി പേരാണ് ചിത്രം കിട്ടിയ ഉടൻ തന്നെ ഷെയർ ചെയ്തത്. വാർത്തക്ക് പിന്നിലെ സത്യം തിരിച്ചറിഞ്ഞ പലരും ഷെയർ ചെയ്ത പോസ്റ്റ് പിന്നീട് പിൻവലിക്കുകയായിരുന്നു. ഇതൊന്നും അറിയാതെ പലരും വാർത്തകൾ ഇപ്പോഴും ഷെയർ ചെയ്യുന്നു.