ഇ-കൊമേഴ്സ് വെബ്സെെറ്റായ ആമസോണിൽ ചിരട്ടയ്‌ക്ക് വില 3000 രൂപ. വാങ്ങാനായി മുടക്കേണ്ടത് 1365 രൂപയും. പ്രകൃതിദത്തമായ ഇത്തരം സാധനങ്ങൾ വാങ്ങിക്കാനും ഒാൺലെെനിൽ ആവശ്യക്കാർ ഏറെയാണ്. ഒരു മുറി ചിരട്ട നാച്വറൽ ഷെൽ കപ്പ് എന്ന പേരിൽ 3000 രൂപ വിലയിട്ടാണ് വിൽപനയ്‌ക്ക് വച്ചിരിക്കുന്നത്. നാലര ഔൺസാണു വലിപ്പമെന്നും യഥാർത്ഥ ചിരട്ടയായതിനാൽ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും ഇവർ പറയുന്നു.
വിപണിയെ തുടർന്ന് ആമസോണിൽ രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 15 രൂപയ്‌ക്ക് ഒരു തേങ്ങ വാങ്ങാൻ കിട്ടുമ്പോൾ മൂവായിരം രൂപ ചിലവാക്കി ചിരട്ട വാങ്ങണോ എന്നാണ് ഒരു കമന്റ്. ഇത്രയും പണം മുടക്കി ചിരട്ട വാങ്ങുന്നവര്‍ ആ പണം പാവപ്പെട്ടവർക്ക് നൽകണമെന്നും ഉപദേശിക്കുന്നു. വീട്ടിൽ കുറേ ചിരട്ടയുണ്ടെന്നും ആമസോണിന് ചിരട്ട ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാനുമാണ് ഒരു ഉപഭോക്താവിന്റെ കമന്റ്. ആമസോൺ ചിരട്ട ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ നിലവിലെ ജോലി വരെ ഉപേക്ഷിച്ച് ചിരട്ടവിൽപ്പനയ്‌ക്കിറങ്ങാമെന്നും കമന്റുകളുണ്ട്.
കസ്റ്റമർ റിവ്യൂവിൽ ചിലർ ഇതിന്റെ സത്യാവസ്ഥയും വ്യക്തമാക്കിയിട്ടുണ്ട്. ‘ഇന്ത്യയിൽ ഇത് ഒരു രൂപയ്‌ക്കു ലഭിക്കും. വിൽപനയ്‌ക്കു വച്ചാലും ആരും വാങ്ങാറില്ല. വെള്ളം തിളപ്പിക്കാനുള്ള വിറകായിട്ടാണ് ചിരട്ട ഉപയോഗിക്കുന്നതെന്ന് ചിലർ പറയുന്നു. ആമസോണിന്റെ ഇന്ത്യൻ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങളുള്ളത്. എന്നാൽ, ആമസോൺ ഡോട്ട് കോം വഴി ചിരട്ട വാങ്ങിയവർ ‘ഇത് ഏറെ ഉപകാരപ്രദമാണ്’ എന്ന മട്ടിലും റിവ്യൂ ചെയ്‌തിട്ടുണ്ട്.