ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് - ജനതാദൾ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ബലമേകി രണ്ട് സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ആർ. ശങ്കർ, എച്ച്. നാഗേഷ് എന്നിവരാണ് കാലുവാരിയത്. കുമാരസ്വാമി സർക്കാരിന് തത്കാലം ഭീഷണിയില്ലെങ്കിലും ഇതോടെ പിന്തുണ 118 ആയി കുറഞ്ഞു.

കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി എം.എൽ.എയാണ് ശങ്കർ. പാർട്ടിക്ക് അംഗീകാരം കിട്ടിയിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ സ്വതന്ത്രനായാണ് കണക്കാക്കുന്നത്. കുമാരസ്വാമി മന്ത്രിസഭയിൽ അംഗമായിരുന്ന ശങ്കറിനെ അടുത്തിടെ നടന്ന പുനഃസംഘടനയിൽ ഒഴിവാക്കിയിരുന്നു. അതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.

ചാഞ്ചാടി നിൽക്കുന്ന മൂന്ന് കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം മുംബയിൽ കഴിയുകയാണെന്ന് കരുതുന്ന ഇരുവരും പിന്തുണ പിൻവലിച്ചതായി അറിയിച്ച് സംസ്ഥാന ഗവർണർക്ക് എഴുതിയ കത്തുകൾ പുറത്തു വിട്ടു.

കുമാരസ്വാമിയുടെ സഖ്യസർക്കാരിനോട് അതൃപ്തിയുള്ളതിനാലാണ് പിന്തുണ പിൻവലിക്കുന്നതെന്നും ഇനി ബി.ജെ.പിക്ക് പിന്തുണ നൽകുമെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

225 അംഗ സഭയിൽ 104 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. സർക്കാരിന് 120 പേരുടെ പിന്തുണയുണ്ടായിരുന്നത് 118 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് ഭൂരിപക്ഷം വരും വിധം ഭരണകക്ഷിയുടെ പരമാവധി എം.എൽ.എമാരെ രാജിവയ്പിച്ച് അധികാരത്തിലേറുകയോ, വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുക്കുകയോ ആണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. അതിനാണെങ്കിലും 15 ഭരണകക്ഷി എം.എൽ.എമാരെ കൂടി പിടിക്കേണ്ടിവരും. മന്ത്രിസഭാ പുനഃസംഘടനയിൽ അതൃപ്തരായ കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാരുമായി ബി.ജെ.പി ചർച്ചയിലാണെന്ന് അഭ്യൂഹമുണ്ട്. ഓപ്പറേഷൻ താമര വിജയിക്കുമെന്നും കർണാടകത്തിൽ താമസിയാതെ ബി.ജെ.പി സർക്കാർ അധികാരത്തിലേറുമെന്നും മഹാരാഷ്‌ട്ര മന്ത്രി രാം ഷിൻഡെ ഇന്നലെ മുംബയിൽ പറഞ്ഞത് ശ്രദ്ധേയമായി. അതേസമയം, കുമാരസ്വാമി തങ്ങളുടെ എം.എൽ.എമാരെ ചാക്കിടാൻ ശ്രമിക്കുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം.

ബി.ജെ.പി എം.എൽ.എമാർ

ഗുഡ്ഗാവിൽ

ന്യൂഡൽഹി: ബി.ജെ.പി തങ്ങളുടെ 101 എം.എൽ.എമാരെ ഡൽഹി അതിർത്തിയിൽ ഗുഡ്‌ഗാവിലെ ഒരു റിസോർട്ടിലേക്ക് മാറ്റി. കോൺഗ്രസ് കുതിരക്കച്ചവടത്തിന് മുതിരുമെന്ന സൂചനകളെ തുടർന്നാണിത്. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഇവരെ മറ്റൊരുസ്ഥാനത്തേക്ക് മാറ്റുമെന്നും അറിയുന്നു. കർണാടകയിൽ സർക്കാർ രൂപീകരണത്തിന് പാർട്ടി ശ്രമിക്കുന്നില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അറിയിക്കുമെന്നും ബി.ജെ.പി എം.എൽ.എ നിപ്പാനി ശശികല ജോലെ പറഞ്ഞു. കോൺഗ്രസും മറുപക്ഷത്തു നിന്ന് എം.എൽ.എമാരെ അടർത്തിയെടുക്കാൻ നീക്കം തുടങ്ങി. കലാബുറാഗിയിലെ ബി.ജെ.പി എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്‌തതായി പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ ആരോപിച്ചു.