shoot

ബെയ്ജിംഗ്: ഒടുവിൽ ചന്ദ്രനിലും പച്ചപ്പ് തളിരിട്ടു. ചൈന അയച്ച ചന്ദ്ര പര്യവേക്ഷണ വാഹനമായ ചാങ് ആണ് പരുത്തി വിത്ത് പരീക്ഷണാടിസ്ഥാനത്തിൽ ചന്ദ്രനിലെത്തിച്ചത്. പരുത്തി മുളപൊട്ടിയതിന്റെ ചിത്രം സഹിതമാണ് കഴിഞ്ഞ ദിവസം ചൈനീസ് ശാസ്ത്രജ്ഞർ വിവരം പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ലൂണാൽ ലാൻഡറിൽ പാകിയ വിത്താണ് കഴിഞ്ഞ ദിവസം ചന്ദ്രനിൽ തലപൊക്കിയത്. ജനുവരിയിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ചൈനയുടെ ചാങ് ഇ- 4 എന്ന വാഹനത്തിലാണ് ചന്ദ്രോപരിതലത്തിൽ ചെറുപെട്ടിയിൽ പരുത്തി വിത്ത് എത്തിച്ചത്. ആദ്യമായാണ്

ഭൂമിക്കു പുറത്ത് നടത്തിയ ഒരു ജൈവ വളർച്ചാ പരീക്ഷണം വിജയകരമാകുന്നത്. ചന്ദ്രനിൽ ആദ്യമായാണ് ഒരു സസ്യം മുളപൊട്ടുന്നത്. പരീക്ഷണത്തിന്റെ ചിത്രങ്ങൾ ചൈനയിലെ അ‌‌‌ഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. ജനുവരി മൂന്നിനാണ് ഭൂമിയിൽ നിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രന്റെ മറുവശത്ത് ചൈന പര്യവേക്ഷണ വാഹനമിറക്കിയത്.

ചൈനയിലെ അ‌‌‌ഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ 'മിനി ലൂണാർ ബയോസ്‌ഫിയർ" പരീക്ഷണമാണിത്. വായു, ജലം, മണ്ണ് എന്നിവയടങ്ങിയ 18 സെന്റിമീറ്റർ നീളമുള്ള ബക്കറ്റ് സമാനമായ സജ്ജീകരണത്തിലായിരുന്നു വിത്ത് പാകിയത്. പരുത്തി വിത്ത്, കടുകിന് സമാനമായ പൂവിടുന്ന ഒരു സസ്യം, ഉരുളക്കിഴങ്ങ് വിത്ത്, പഴയീച്ചയുടെ മുട്ടകൾ, യീസ്റ്റ് എന്നിവയും ഇതിനകത്ത് നിക്ഷേപിച്ചു. ഇവയിൽ പരുത്തി വിത്ത് മാത്രമാണ് മുളപൊട്ടിയത്.

സ്വീഡൻ, ജർമ്മനി, ചൈന എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചാന്ദ്രോപരിതലത്തെയും കോസ്‌മിക് റേഡിയേഷനെയും കുറിച്ചുള്ള ഗവേഷണത്തിനായി വികസിപ്പിച്ചെടുത്ത വാഹനമാണ് ചൈനയുടെ ചാങ് 4.