modi-inagurated-kollam-by

തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊല്ലം ബൈപ്പാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയാണ് ബൈപ്പാസ് ഉദ്‌ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. ശരണം വിളികളും ആരവവുമായി എതിരേറ്റ ജനതയെ തകർപ്പൻ പ്രസംഗത്തിലൂടെ മോദി കൈയിലെടുക്കുകയായിരുന്നു.

എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ...എന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവർക്കും വികസനം എന്നതാണ് സർക്കാരിന്റെ സ്വപ്‌നമെന്നും മോദി പറഞ്ഞു. 'വികസനത്തിന്റെ കാര്യത്തിൽ സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. കൊല്ലം ബൈപ്പാസ് യാഥാർത്ഥ്യമായതിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.

2015 ജനുവരിയിലാണ് ബൈപ്പാസിനായുള്ള അവസാന ഘട്ട നടപടിയും കേന്ദ്രസർക്കാർ പൂർത്തിയാക്കിയത്. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രം എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. രാജ്യത്ത് വികസനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാരിൽ തുടങ്ങി തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ട്. ചില പദ്ധതികൾ 20 മുതൽ 30 വർഷം വരെ എടുക്കുന്നതിൽ അത്ഭുതം തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് ജനങ്ങളോട് കാണിക്കുന്ന അക്രമമാണ്.

ആയിരത്തിലധികം കോടി ധനസഹായം കേരളത്തിന് നൽകി കഴിഞ്ഞു. അത് കൃത്യമായി വിനിയോഗിക്കണമെന്നാണ് എനിക്ക് സംസ്ഥാന സർക്കാരിനോട് പറയാനുള്ളത്. ടൂറിസം രംഗത്ത് ഇന്ത്യ കുതിപ്പിന്റെ പാതയിലാണ്. ലോകറാങ്കിൽ നമ്മൾ ഒരുപാട് മെച്ചപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇ- വിസ നടപ്പാക്കിയത് നേട്ടമുണ്ടാക്കി'- പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ അവസാനം 'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്ന മലയാളിയുടെ സ്വന്തം ഈരടി കൂടി പറഞ്ഞു കൊണ്ടാണ് മോദി വാക്കുകൾ അവസാനിപ്പിച്ചത്.

വൈകിട്ട് നാലിന് തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്‌ടറിലാണ് ബൈപ്പാസ് ഉദ്‌ഘാടനത്തിനായി കൊല്ലത്തേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ ഗവർണർ ജസ്‌റ്റിസ്.പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. ജെ.ആർ പദ്‌മകുമാർ, അഡ്വ. എസ്.സുരേഷ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.