gold

കൊച്ചി: ആഭരണ പ്രേമികൾക്ക് നിരാശ നൽകി സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. പവന് ഇന്നലെ 200 രൂപ വർദ്ധിച്ച് വില 24,120 രൂപയായി. ഗ്രാം വില 25 രൂപ ഉയർന്ന് 3,015 രൂപയായി. 2012 സെപ്‌തംബറിൽ പവൻ രേഖപ്പെടുത്തിയ 24,240 രൂപയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന വില. ഗ്രാമിന് അന്ന് വില 3,030 രൂപയായിരുന്നു. വിലയിൽ പുതിയ റെക്കാഡ് കുറിക്കാൻ പവൻ 120 രൂപയും ഗ്രാം 15 രൂപയും മാത്രം അകലെയാണ്.

ഡോളറിനെതിരെ രൂപ നേരിട്ട കനത്ത തളർച്ചയും ഇറക്കുമതി വിലയിലുണ്ടായ വർദ്ധനയുമാണ് സ്വർണ വിലക്കുതിപ്പിന് പ്രധാന കാരണം. ആഭരണ ഡിമാൻഡ് കൂടിയതും വില വർദ്ധനയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ രൂപയുടെ മൂല്യം പത്തുപൈസ ഇടിഞ്ഞ് 71.03ലേക്ക് കൂപ്പുകുത്തിയിരുന്നു. 2019ൽ ഇതുവരെ കേരളത്തിൽ പവൻ വിലയിലുണ്ടായ വർദ്ധന 680 രൂപയാണ്. ഗ്രാമിന് 85 രൂപയും കൂടി. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ ചാ‌ഞ്ചാട്ടത്തിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്രൂഡോയിൽ വില വീണ്ടും തിരിച്ചുകയറുന്നത് രൂപയെ വലയ്‌ക്കുന്നുണ്ട്.