sabarimala-

കൊല്ലം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത് ഏറ്റവും നാണംകെട്ട നിലാപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലത്ത് എൻ.ഡി.എയുടെ മഹാസമ്മേളനത്തെ അതിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മോദി രൂക്ഷമായി വിമർശിച്ചു,. ശബരിമലയെക്കുറിച്ച് രാജ്യം മുഴവൻ സംസാരിക്കുകയാണ്. . ചരിത്രത്തിലിടം പിടിക്കാൻ പോകുന്ന സമരമാണ് ശബരിമലയിലേത്. കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. ലോകത്തെ ഒരു സർക്കാരോ പാർട്ടിയോ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും നാണംകെട്ട നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും. . ഇന്ത്യയുടെ സംസ്കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല ഇടതുപക്ഷം. അവർ പക്ഷേ, ശബരിമല വിഷയത്തിൽ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ ബി.ജെപിയുടെ നിലപാട് സുവ്യക്തമായിരുന്നു. അതിനനുസരിച്ചാണ് ബി.ജെ.പി കേരളത്തിൽ പ്രവർത്തിച്ചത്. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ചും സംസ്കാരത്തിന് അനുസരിച്ചും പ്രവർത്തിച്ചിട്ടുള്ള ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബി.ജെ.പി മാത്രമാണ്. കോൺഗ്രസിന് ഈ വിഷയത്തിൽ വ്യക്തമായ ഒരു നിലപാട് ഇല്ലായിരുന്നു. ഇവർ ശബരിമല വിഷയത്തിൽ പാർലമെന്റിൽ ഒന്നും പത്തനംതിട്ടയിൽ വേറൊന്നുമാണ് പറയുന്നത്. ഇക്കാര്യത്തിൽ ഓരോദിവസവും ഓരോന്നാണ് കോൺഗ്രസ് പറയുന്നത്. . നിങ്ങളുടെ ഇരട്ടത്താപ്പും ഓരോ ദിവസവുമെടുക്കുന്ന നിലപാടുകളും എല്ലാവർക്കുമറിയാമെന്ന് മോദി പരിഹസിച്ചു.

ഇടതും കോൺഗ്രസും ലിംഗനീതി, സാമൂഹ്യനീതി - എന്നെല്ലാം പറയും. പക്ഷേ അവരുടെ പ്രവൃത്തികൾ അതിനെല്ലാം വിഭിന്നമാണ്. മുത്തലാഖിനെതിരാണ് സി.പി.എമ്മും കോൺഗ്രസും. ലിംഗനീതിയ്ക്കെതിരാണ് മുത്തലാഖ് എന്ന കാര്യത്തിൽ സംശയമുണ്ടോ? നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ നിരോധിച്ച മുത്തലാഖ് എന്തിനാണ് നമ്മുടെ രാജ്യത്ത്? മുത്തലാഖിനെതിരായ ബില്ല് കൊണ്ടുവന്നപ്പോൾ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അതിനെ എതിർത്തു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.

കുറച്ചു ദിവസം മുൻപ് സാമ്പത്തിക സംവരണനിയമം സർക്കാർ കൊണ്ടുവന്നു. ഏത് ജാതിമതങ്ങളിലുള്ളവർക്കും ഒരേ അവസരം വേണം, തുല്യനീതി വേണം എന്നതാണ് സർക്കാർ നയം. സാമ്പത്തികസംവരണബിൽ ചരിത്രഭൂരിപക്ഷത്തോടെ പാസായി. അതിനെ ഏത് പാർട്ടിയാണ് എതിർത്തത് എന്നറിയാമോ? മുസ്ലീംലീഗ്. യു.ഡി.എഫ് സഖ്യകക്ഷി. കോൺഗ്രസ് അതിനെ അനുകൂലിക്കുന്നോ? നിലപാട് വ്യക്തമാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.