kumbh

പ്രയാഗ്‌രാജ്: 55 ദിവസം നീണ്ടു നിൽക്കുന്ന കുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഇന്നലെ തുടക്കമായി. ലക്ഷക്കണക്കിന് ഭക്തരെത്തുന്ന കുംഭമേളയ്ക്ക് ശക്തമായ സുരക്ഷയാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അഖാരകളുടെ 'ഷഹി സ്നാൻ" ചടങ്ങോടുകൂടിയാണ് കുംഭമേള തുടങ്ങിയത്. ത്രിവേണി സംഗമത്തിൽ സംഗ സ്നാനവും പൂജകളും പ്രാർത്ഥനകളും നടന്നു. അർദ്ധകുംഭമേളയാണ് ഇത്തവണത്തേത്. മാർച്ച് നാലിനാണ് കുംഭമേള അവസാനിക്കുക. പതിനായിരത്തോളം താത്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും ഭക്തർക്കായി സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊടുംതണുപ്പിനിടയിലും പ്രയാഗ്‌രാജിലേക്ക് നിരവധി തീർത്ഥാടകരാണെത്തുന്നത്.

നിരവധി വിദേശസഞ്ചാരികളും പ്രയാഗ്‌രാജിൽ എത്തിയിട്ടുണ്ട്. ഇവർക്കായി 1200 ആഡംബര ടെന്റുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്‌രാജിലെ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.

പുണ്യസ്നാനം ചെയ്ത് സ്മൃതി ഇറാനി

പ്രയാഗ്‌രാജ്: കുഭമേളയോടനുബന്ധിച്ചുള്ള ത്രിവേണി സംഗമത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുണ്യസ്‌നാനം ചെയ്തു. കുംഭമേളയ്ക്കെത്തിയ ഈ വർഷത്തെ ആദ്യ വി.ഐ.പി യാണ് സ്മൃതി ഇറാനി. ‌കുംഭമേള സ്നാനത്തിന് ശേഷം സ്മൃതി തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

ഹിന്ദു വിശ്വാസപ്രകാരം ഗംഗാസ്നാനം സകല പാപങ്ങളും നീക്കുമെന്നാണ്. എന്നാൽ കുംഭമേളയിലെ ഗംഗാസ്നാനം ഒരു ജന്മം മുഴുവനുള്ള പാപങ്ങൾ നീക്കുമെന്നാണ് വിശ്വാസം.