pinarayi-
കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും സൗഹൃദ സംഭാഷണത്തിൽ. ഗവർണർ പി. സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവർ സമീപം. ഫോട്ടോ: ജ്യോതിരാജ് എൻ.എസ്

കൊല്ലം: കൊല്ലം ബൈപാസിന്റെ നിർമ്മാണം സംസ്ഥാനസർക്കാരിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈപാസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മോദിയുടെ പരാമർശം. ഇതോടെ കേരളത്തിൽ ഒന്നു നടക്കില്ല എന്ന പ്രധാനമന്ത്രിയുടെ പഴയ വിമർശനം തെറ്റാണെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാന സർക്കാർ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് എന്ന് പിണറായി വിജയൻ പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ അതുമായി മുന്നോട്ട് പോവുകയാണ്. 2020ൽ ജലപാതയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും പിണറായി അറിയിച്ചു.

കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന് രണ്ടുവർഷം മുൻപ് വിമർശിച്ച പ്രധാനമന്ത്രിക്കുള്ള മറുപടിയായാണ് വികസന പദ്ധതികളെക്കുറിച്ചുള്ള പിണറായിയുടെ പ്രസ്താവന.

കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.

നാലരപതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനും ആഴ്ചകൾ നീണ്ട രാഷ്ട്രീയവിവാദത്തിനും വിരാമമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപാസ് തുറന്നുകൊടുത്തത്. കേന്ദ്രം വഹിച്ച പങ്ക് മുഖ്യമന്ത്രിയും സംസ്ഥാനത്തിന്റെ പങ്കാളിത്തം പ്രധാനമന്ത്രിയും അംഗീകരിച്ചതോടെ വിവാദങ്ങൾക്കും തിരശീല വീണു.