sharmila

ഹൈദരാബാദ്: തെലുങ്ക് നടൻ പ്രഭാസുമായി ബന്ധപ്പെടുത്തി തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നാരോപിച്ച് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ജഗൻമോഹൻ റെഡിയുടെ സഹോദരി പോലീസിൽ പരാതി നൽകി. സമൂഹമാദ്ധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി പ്രവർത്തക കൂടിയായ വൈ.എസ്. ഷർമിള പരാതി നൽകിയത്.

പ്രഭാസിനെ തനിക്ക് നേരിട്ട് പരിചയം പോലുമില്ലെന്ന് ഷർമിള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെ മനഃപ്പൂർവം അപകീർത്തിപ്പെടുത്താനാണ് ഇത്തരം ഗൂഡാലോചനകളെന്ന് അവർ ആരോപിച്ചു. മുൻ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ തനിക്കെതിരെ ടി.ഡി.പി ആണ് ഇത്തരം ആരോപണങ്ങൾ പടച്ചുവിടുന്നതെന്നും അവർ പറയുന്നു. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് ഇവർ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.