അഡ്ലെയ്ഡ്: ക്യാപ്ടൻ വിരാട് കൊഹ്ലിയുടെ ക്ലാസിക്ക ് സെഞ്ച്വറിയുടെയും എം.എസ്. ധോണിയുടെ തകർപ്പൻ ഫിനിഷിംഗിന്റെയും പിൻബലത്തിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്ര് ചെയ്ത ആസ്ട്രേലിയ നിശ്ചിത അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ നാല് പന്ത് ബാക്കി നിൽക്കെ 4 വിക്കറ്ര് നഷ്ടത്തിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (299/4). തകർപ്പൻ സെഞ്ച്വറിയുമായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നായകൻ വിരാട് കൊഹ്ലിയാണ് (104) മാൻ ഒഫ് ദ മാച്ച്.
തന്റെ ഫിനിഷിംഗ് മികവിന് യാതൊരു മങ്ങലുമേറ്രിട്ടില്ലെന്ന് തെളിയിച്ച് വിമർശകരുടെ വായടപ്പിച്ച അർദ്ധ സെഞ്ച്വറിയുമായി (51) എം.എസ്.ധോണിയും തന്റെ റോൾ ഭംഗിയാക്കി. ബൗളിംഗിൽ പേസർ ഭുവനേശ്വർ കുമാർ നാല് വിക്കറ്റ്നേടി കംഗാരുക്കളുടെ ബാറ്രിംഗ് കുതിപ്പിന് തടയിട്ടു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്ര് വീഴ്ത്തി. ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് ഏകദിനത്തിൽ അരങ്ങേറ്രം നടത്തി. സെഞ്ച്വറി നേടിയ ഷോൺ മാർഷിന്റയും (131) അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഗ്ലെൻ മാക്സ്വെല്ലിന്റെയും (47) ബാറ്രിംഗാണ് ആസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-1ന് ഓസീസിന് ഒപ്പമെത്തി. വെള്ളിയാഴ്ച മെൽബണിലാണ് നിർണായകമായ മൂന്നാം ഏകദിനം.
ടോസ് നേടി ബാറ്രിംഗിനിറങ്ങിയ ആസ്ട്രേലിയയ്ക്ക് നായകൻ ആരോൺ ഫിഞ്ചിനെ (6) തുടക്കത്തിലേ നഷ്ടമായി. ഭുവനേശ്വർ കുമാറിന് മുന്നിൽ ഒരിക്കൽക്കൂടി ഫിഞ്ചിന്റെ കുറ്റിതെറിക്കുകയായിരുന്നു. അധികം വൈകാതെ വൈസ് ക്യാപ്ടൻ കാരേയ് (18) ഷാമിയുടെ പന്തിൽ ധവാന് ക്യാച്ച് നൽകി മടങ്ങി. ഉസ്മാൻ ഖവേജ (21) ജഡേജയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി.
ഹാൻഡ്സ് കോമ്പിനെ (20) ജഡേജയുടെ പന്തിൽ ധോണി സ്റ്റമ്പ് ചെയ്തപ്പോൾ സ്റ്രോയിനിസിനെ (29) ഷമിയുടെ പന്തിൽ ധോണി കൈയിൽ ഒതുക്കി. തുടർന്ന് 5/189 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച ഷോൺ മാർഷും മാക്സ്വെല്ലും തകർപ്പൻ ബാറ്രിംഗിലൂടെ ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. 11 ഓവറോളം ബാറ്ര് ചെയ്ത ഇരുവരും 6-ാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ഷോൺ മാർഷ് സെഞ്ച്വറിയും പൂർത്തിയാക്കി. തുടർന്ന് 48-ാം ഓവറിൽ ഒരുപന്തിന്റെ ഇടവേളയിൽ ഇരുവരെയും പുറത്താക്കി ഭുവനേശ്വർ കുമാർ ഓസീസിന്റെ റണ്ണൊഴുക്കിന് തടയിടുകയായിരുന്നു. 37 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 48 റൺസെടുത്ത മാക്സ്വെല്ലിന്റെ ക്യാച്ച് കാർത്തിക്കാണ് എടുത്തത്. 181 പന്ത് നേരിട്ട് 11 ഫോറും 3 സിക്സും ഉൾപ്പെടെ 131 റൺസെടുത്ത മാർഷിന്റെ ക്യാച്ച് ജഡേജയാണ് എടുത്തത്. അവസാന ഓവറിൽ സിഡിലിന്റെ (0) വിക്കറ്റും ഭവനേശ്വർ നേടി. കൊഹ്ലിയാണ് ക്യാച്ചെടുത്തത്.
തുടർന്ന് ഇന്ത്യയ്ക്കായി ബാറ്രിംഗിനിറങ്ങിയവരെല്ലാം മികച്ച സംഭാവനകൾ നൽകി. രോഹിതും (43) ധവാനും (32) ഒന്നാം വിക്കറ്രിൽ 47 റൺസെടുത്തു. ധവാനെ ഖവേജയുടെ കൈയിൽ. എത്തിച്ച് ബെഹ്റൻഡ്രോഫാണ് കൂട്ടുകെട്ട് തകർത്തത്. നന്നായി കളിച്ച് വരികയായിരുന്ന രോഹിത് സ്റ്രോയിനിസിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ഹാൻഡ്സ്കോമ്പിന്റെ കൈയിൽ അവസാനിച്ചു. അമ്പാട്ടി റായ്ഡുവിനെ (24) മാക്സ്വെല്ലിന്റെ പന്തിൽ സ്റ്റോയിനിസ് പിടികൂടി. പിന്നീട് ക്രീസിൽ കൊഹ്ലിക്കൊപ്പം ഒന്നിച്ച ധോണി മത്സരം ഇന്ത്യയ്ക്കെന്ന് ഉറപ്പിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ കൊഹ്ലി തന്റെ 39-ാം സെഞ്ച്വറിയും പൂർത്തിയാക്കി. ഇന്ത്യ വിജയ ലക്ഷ്യത്തിലേക്ക് അടുക്കവേ കൊഹ്ലി റിച്ചാർഡ്സണിന്റെ പന്തിൽ മാക്സ്വെല്ലിന് ക്യാച്ച് നൽകി മടങ്ങി. 112 പന്ത് നേരിട്ട് 5 ഫോറും 1 സിക്സും ഉുൾപ്പെട്ടതായിരുന്നു കൊഹ്ലിയുടെ ഇന്നിംഗ്സ്.
പകരം ക്രീസിലെത്തിയ ദിനേഷ് കാർത്തിക്ക് 14 പന്തിൽ 2 ഫോറുൾപ്പെടെ 25 റൺസ് നേടി തന്റെ റോൾ ഭംഗിയാക്കി. അവസാന ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടത് 7 റൺസായിരുന്നു. ആദ്യപന്തിൽ തന്നെ സിക്സടിച്ച് ധോണി മത്സരം ടൈ ആക്കി. അടുത്ത പന്തിൽ വിജയ റൺസും ധോണിയുടെ ബാറ്റിൽ നിന്ന് പിറന്നു.