ഹോനോലുലു: സ്‌കൂളിൽ പോകാൻ നിർബബന്ധിച്ചതിന് അമ്മയെ കൊലപ്പെടുത്തി ഫ്രീസറിൽ സൂക്ഷിച്ച യുവാവിനെ കോടതി 30 വർഷം തടവിന് ശിക്ഷിച്ചു. യുവേ ഗോങ് (28) എന്ന യുവാവാണ് സ്‌കൂളിൽ പോകുന്നതിനെ ചൊല്ലിയുള്ള വാക് തർക്കത്തെ തുടർന്ന് അമ്മയെ കൊലപ്പെടുത്തിയത്. യുവേയ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 30 വർഷത്തെ തടവിന് ശിക്ഷിച്ചു.
മൂന്ന് വർഷം മുമ്പാണ് സംഭവം. ഹവായിലെ ഹോനോലുലുവിലെ അപ്പാർട്ട്‌മെന്റിൽ വെച്ച് സ്‌കൂളിൽ പോകാൻ മടിക്കാണിച്ച യുവേയെ അമ്മ വഴക്ക് പറഞ്ഞു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും പ്രകോപിതനായ യുവേ അമ്മയെ തലയ്ക്കടിച്ച് കൊന്നശേഷം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ആറ് മാസത്തിനുശേഷം 2017ൽ ഇയാൾ ആത്മഹത്യാശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച വിവരം പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് ഇവരുടെ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ പ്ലാസ്റ്റിക് പാത്രത്തിൽസൂക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.
തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കോടതിയിൽ യുവാവ് കുറ്റം ഏറ്റുപറഞ്ഞു. കൈയബദ്ധം സംഭവിച്ചതാണെന്നാണ് യുവേ കോടതിയിൽ മൊഴി നൽകിയത്.