കൊച്ചി: ഏഷ്യൻകപ്പ് ഫുട്ബോളിലെ തോൽവിക്ക് പിന്നാലെ മലയാളി താരം അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഫേസ്ബുക്കിലൂടെയാണ് തന്റെ വിരമിക്കൽ തീരുമാനം അനസ് അറിയിച്ചത്. ഏഷ്യൻ കപ്പിലെ നിർണായക പോരാട്ടത്തിൽ ബഹ്റിനെതിരെ പരിക്കേറ്റ് അനസിന് ആദ്യ മിനിട്ടിൽതന്നെ തിരിച്ചുകയറേണ്ടിവന്നിരുന്നു. മത്സരം പരാജയപ്പെട്ട ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായതിലെ നിരാശയോടെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്.
മലപ്പുറം അരിക്കോട് സ്വദേശിയായ 31കാരനായ അനസ് ഇന്ത്യൻ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളിൽ ബൂട്ട്കെട്ടിയിട്ടുള്ള അനസ് ഗോളുകളൊന്നും നേടിയിട്ടില്ല. ഫേസ്ബുക്കിൽ വികാരഭരിതമായ കുറിപ്പ് നല്‍കിയ ശേഷമാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. 29–ാം വയസ്സിൽ ആദ്യമായി ദേശീയ ടീമിലെത്തിയതിനു ശേഷം ടീമിൽ സ്ഥിരസാന്നിദ്ധ്യമായി.
ഏറെക്കാലം കളത്തിൽ തുടരണമെന്നുണ്ടെങ്കിലും ഇതാണ് വിരമിക്കാൻ പറ്റിയ സമയമെന്ന് കുറിപ്പിൽ പറയുന്നു. ഐ.എസ്.എൽ നാലാം സീസണിൽ ഇന്ത്യൻ പ്ലെയർ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസ് എടത്തൊടികയായിരുന്നു. 1.10 കോടി രൂപയ്ക്കാണ് അനസിനെ ജംഷഡ്പുർ എഫ്.സി റാഞ്ചിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസിനു വേണ്ടിയും അനസ് ബൂട്ടണിഞ്ഞിട്ടുണ്ട്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഐ ലീഗിൽ രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരവും അനസ് നേടിയിട്ടുണ്ട്.