bse

കൊച്ചി: ഐ.ടി., ഊർജം, ലോഹ ഓഹരികളിൽ ദൃശ്യമായ മികച്ച വാങ്ങൽ ട്രെൻഡ് ഇന്നലെ ഇന്ത്യൻ ഓഹരികളെ മികച്ച നേട്ടത്തിലെത്തിച്ചു. സെൻസെക്‌സ് 464 പോയിന്റ് മുന്നേറി 36,318ലും നിഫ്‌റ്രി 149 പോയിന്റ് ഉയർന്ന് 10,886ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഡിസംബർ 20ന് ശേഷം ഇന്ത്യൻ ഓഹരി വിപണി കുറിക്കുന്ന ഏറ്രവും മികച്ച നേട്ടമാണിത്.

ഇന്നലത്തെ കുതിപ്പ് സെൻസെക്‌സിലെ ഓഹരി നിക്ഷേപകരുടെ മൊത്തം മൂല്യം 1.52 ലക്ഷം കോടി രൂപ വർദ്ധിക്കാനും സഹായകമായി. 142.13 ലക്ഷം കോടി രൂപയിൽ നിന്ന് 143.65 ലക്ഷം കോടി രൂപയായാണ് നിക്ഷേപകമൂല്യം ഉയർന്നത്. ഇൻഫോസിസ്, ടി.സി.എസ്., എച്ച്.സി.എൽ., ടെക് മഹീന്ദ്ര, വിപ്രോ, റിലയൻസ് ഇൻഡസ്‌ട്രീസ്, യെസ് ബാങ്ക്, വേദാന്ത തുടങ്ങിയവയാണ് സെൻസെക്‌സിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം 2.19 ശതമാനത്തിലേക്ക് കുത്തനെ താഴ്‌ന്ന പശ്‌ചാത്തലത്തിൽ അടുത്തമാസം നടക്കുന്ന ധനനയ നിയർണയ യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചേക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരി വിപണിക്ക് കരുത്തായത്. അതേസമയം മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയ്ക്ക് നേട്ടത്തിന്റെ വണ്ടി പിടിക്കാൻ ഇന്നലെ കഴിഞ്ഞില്ല.

അതേസമയം, ചൈനയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തളരുന്നുവെന്ന സൂചനകളും ക്രൂഡോയിൽ വില വർദ്ധനയും ഡോളറിന്റെ മൂല്യത്തിലുണ്ടാക്കിയ കുതിപ്പ് ഇന്നലെ രൂപയ്ക്ക് തിരിച്ചടിയായി. ഡോളറിന് ഡിമാൻഡ് ഏറിയതോടെ രൂപ ഇന്നലെ 10 പൈസയുടെ നഷ്‌ടവുമായി, 71.03ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡോയിൽ (ബ്രെന്റ്) വില ബാരലിന് ഇന്നലെ 0.78 ശതമാനം വർദ്ധിച്ച് 59.45 ഡോളറായിട്ടുണ്ട്.