മലയാള സിനിമാചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടിയ ചിത്രമായി മോഹൻലാലിന്റെ ഒടിയൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഏറ്റവും വേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് അണിയറക്കാരുടെ അവകാശവാദം. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദർശനം തുടരുന്ന ഒടിയൻ കേവലം 30 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ നേടിയത്.
റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ നേരത്തെ അവകാശപ്പെട്ടിരുന്നു. അതിൽ 72 കോടി ടെലിവിഷൻ റൈറ്റ്, ബ്രാൻഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തിൽ ലഭിച്ച ചിത്രത്തിന് വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിംഗ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത് എന്നാണ് സംവിധായകൻ പറഞ്ഞത്.
അഡ്വാൻസ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റർ കളക്ഷൻ കൂടി കൂട്ടുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയൻ. വി.എ. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഒടിയൻ നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.