ന്യൂഡൽഹി: സാമ്പത്തികസംവരണം ഈ അദ്ധ്യയന വർഷം മുതൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കർ. ഇതിന്റെ ഭാഗമായി സർവകലാശാലകളിലെയും കോളേജുകളിലെയും സീറ്റുകളുടെ എണ്ണം 25 ശതമാനം വരെ വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ സീറ്റുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ തീരുമാനമെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പാകുമ്പോൾ നിലവിലെ സംവരണവിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്വകാര്യ സർവകലാശാലകളും പുതിയ സംവരണനിയമം നടപ്പിലാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ യു.ജി.സി, എ.ഐ.സി.ടി.ഇ, മാനവവിഭവശേഷി വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ജാവദേക്കറിന്റെ പ്രഖ്യാപനം .