-padmanabha-swami-temple

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ സ്ഥലം എം.പി,​ എം.എൽ.എ,​ മേയർ എന്നിവർക്ക് ഇടം നൽകാത്തതിൽ ജനപ്രതിനിധികളുടെ പ്രതിഷേധം. ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് എന്നിവരാണ് പ്രതിഷേധക സൂചകമായി ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.

പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശന സംഘത്തിൽനിന്നും സ്ഥലം എം.പി ആയ ശശി തരൂരിനെയും ഒഴിവാക്കിയിരുന്നു. എന്നാൽ ബി.ജെ.പിയുടെ ജില്ലാ നേതാക്കളടക്കം പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈതൃക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ക്ഷേത്രത്തിൽ സ്വദേശി ദർശൻ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

അതേസമയം കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങി.