ആദ്യചിത്രത്തിലെ കണ്ണിറുക്കൽ സീനിലൂടെ സെൻസേഷനായ താരമാണ് പ്രിയ പ്രകാശ് വാര്യർ. പ്രിയവാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയത് ശ്രദ്ധനേടിയിരുന്നു. എന്നാൽ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി രംഗത്തെത്തിയിരിക്കുകയാമ് അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ.
ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
ദേശീയ അവാർഡ് ഉൾപ്പെടെ ലഭിച്ച ഒരു സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ നേരത്തേ പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടീസറിൽ ഒരു കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ചിത്രത്തിലെ നടിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമൊക്കെയാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ബോണി കപൂറിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ച വിവരം സംവിധായകൻ സ്ഥിരീകരിച്ചു.
“ എന്റെ ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണ്. കഥാപാത്രത്തിന്റെ പേരാണത്. ആർക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രത്യേക സംഭവങ്ങൾ ഈ കഥയിലുമുണ്ട്. ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കൂടുതലൊന്നും സംസാരിക്കുന്നില്ല,” പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ബാത്ത് ടബ്ബിൽ വീണ് ബോളിവുഡിന്റെ സ്വപ്നറാണി ശ്രീദേവി മരിക്കുന്നത്. ശ്രീദേവിയുടെ മരണം അപകടമോ കൊലപാതകമോ തുടങ്ങിയ രീതിയിലുള്ള നിരവധി സംവാദങ്ങളും ഇടക്കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
സിനിമയുടെ ടീസർ പുറത്തു വന്നപ്പോൾ മുതൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധിയേറെ പ്രതികരണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഒരു ഇതിഹാസതാരത്തിന്റെ ജീവിതത്തിന്റെ ഏറ്റവും ദുരന്തപരമായ അനുകരണം എന്ന രീതിയിലൊക്കെയുള്ള നെഗറ്റീവ് കമന്റുകളാണ് നിറയുന്നതിലേറെയും. ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകൾ ആണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും ലണ്ടനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.