മെൽബൺ: ആറ് തവണ ആസ്ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച് ഇത്തവണയും തുടക്കം ഗംഭീരമാക്കി. ഇന്നലെ നടന്ന പുരുഷ സിംഗിൾസ് ആദ്യറൗണ്ടിൽ അമേരിക്കൻ താരം മിച്ചൽ ക്രൂഗറെ നേരിട്ടുള്ള സെറ്രുകളിൽ വീഴ്ത്തി ജോക്കോവിച്ച് അനായാസം രണ്ടാം റൗണ്ടിലെത്തി. 6-3, 6-2, 6-2നാണ് ലോക ഒന്നാം നമ്പറുകാരനായ ജോക്കോവിച്ച് 230-ാം സ്ഥാനക്കാരനായ ക്രൂഗറെ വീഴ്ത്തിയത്. ജോക്കോവിച്ചിന്റെ 300-ാം ഗ്രാൻഡ്സ്ലാം മത്സരമായിരുന്നുയിത്. തുടർച്ചയായ പതിമ്മൂന്നാം തവണയാണ് ജോക്കോവിച്ച് ആസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ എത്തുന്നത്. ജോ വിൽ ഫ്രഡ് സോംഗയാണ് ജോക്കോവിച്ചിന്റെ അടുത്ത എതിരാളി. ഡൊമനിക്ക് തീം, മിലാസ് റാവോനിക്ക്, വാവ്റിങ്ക എന്നിവരും രണ്ടാം റൗണ്ടിൽ എത്തിയിട്ടുണ്ട്.
വനിതാ സിംഗിൾസിൽ മുൻചാമ്പ്യൻ ആസ്ട്രേലിയയുടെ വികോടിറിയ അസരങ്ക ആദ്യ റൗണ്ടിൽ പുറത്തായി. ജർമ്മൻതാരം ലൗറ സെയ്‌ഗ്‌മുണ്ടിനോട് മൂന്ന് സെറ്ര് നീണ്ട പോരാട്ടത്തിലായിരുന്നു അസരങ്കയുടെ തോൽവി. സ്കോർ: 7-6, 6-4, 6-2. സെറീന, വീനസ്, ഒസാക്ക, ഹാലപ്പ് എന്നിവരെല്ലാം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.