സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചിറക്കി. കണ്ണൂർ സ്വദേശിയായ രേഷ്‌മ നിഷാന്തിനെയും ഷാനിലയേയുമാണ് മല കയറ്റത്തിനിടെ വൻ പ്രതിഷേധമുണ്ടായതിനെ തുടർന്ന് തിരിച്ചിറക്കിയത്. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും ശബരിമലയിലേക്ക് തിരിച്ചത്. നീലി മലയിൽ വച്ച് തീർത്ഥാടകർ തിരിച്ചറിഞ്ഞതോടെ ഇവർക്കു നേരെ വൻ പ്രതിഷേധമുയരുകയായിരുന്നു.
എന്നാൽ വ്രതം നോറ്റാണ് തങ്ങൾ എത്തിയതെന്നും ദർശനം നടത്താതെ തിരിച്ചു പോകില്ലെന്നും യുവതികൾ വ്യക്തമാക്കി. ഏറ്റവും സമാധാനപരമായി വരാമെന്നുള്ളതുകൊണ്ടാണ് മകരവിളക്കു കഴിയാൻ കാത്തിരുന്നത്. ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാർ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതംനോൽക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കിൽ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്‌മ ആവശ്യപ്പെട്ടു.
യുവതികളെ എരുമേലിയിലാണ് എത്തിച്ചിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.