modi-kadakampalli

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ത്യയുടെ പൈതൃകം തകർക്കാൻ ശ്രമിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് കടകംപള്ളി തുറന്നടിച്ചു. ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച യുവതികളെ തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു മന്ത്രിയുടെ വിമർശം.

'മോദിക്ക് മറുപടി പറയാൻ ഞാനാളല്ല. എന്തുദ്ദേശത്തിലാണ് ഇന്നലെ അദ്ദേഹം കേരളത്തിലെത്തിയതെന്ന് എല്ലാവർക്കുമറിയാം. കേവലം രാഷ്‌ട്രീയ പ്രചരണത്തിനാണ് ഉദ്‌ഘാടന വേദി അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യയുടെ പൈതൃകത്തെ തച്ചുടയ്‌ക്കാൻ ശ്രമിക്കുന്നത് മോദിയാണ്'- കടകംപള്ളി പറഞ്ഞു.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് കൊല്ലം ബൈപ്പാസ് ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. തുടർന്ന് ബൈപ്പാസ് ഉദ്‌ഘാടനത്തിനു ശേഷം ബി.ജെ.പി സംസ്ഥാന നേതൃത്വം കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച യോഗത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് മോദി ഉയർത്തിയത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത് ഏറ്റവും നാണംകെട്ട നിലപാടാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

ലോകത്തെ ഒരു സർക്കാരോ പാർട്ടിയോ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും നാണംകെട്ട നിലപാടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എടുത്തതെന്ന് ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല ഇടതുപക്ഷം. അവർ പക്ഷേ, ശബരിമല വിഷയത്തിൽ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. തുടർന്ന് തിരുവനന്തപുരം പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്‌ഘാടനവും നിർവഹിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.