karnataka

ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകുകയാണ്. കോൺഗ്രസ് മന്ത്രിസഭ തകർക്കാനുള്ള ബി.ജെ.പിയുടെ കളിയിൽ ഒരു എം.എൽ.എ കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കോൺഗ്രസ് എം.എൽ.എയായ പ്രതാപ് ഗൗഢ പാട്ടീലാണ് പാർട്ടി വിട്ട് ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം മുംബയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്.

നിലവിൽ കോൺഗ്രസിന്റെ ഏഴ് എം.എൽ.എമാർ ബി.ജെ.പി ക്യാമ്പിലുള്ളതായാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനായി കോൺഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആഭ്യന്ത്രര മന്ത്രി എം.ബി പാട്ടീൽ ഇവരുമായി കൂടിക്കാഴ്ച നടത്തുമെന്നറിയിച്ചു. 13എം.എൽ.എമാരെയെങ്കിലും രാജി വയ്പ്പിച്ചാൽ മാത്രമേ ബി.ജെ.പിക്ക് കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള വഴി തെളിയുകയുള്ളു.

അതേ സമയം കർണാടകത്തിൽ കോൺഗ്രസ് ജെ.‌ഡി.എസ് എം.എൽ.എ മാരെ ഇന്ന് ബിഡദിയിലെ റിസോട്ടിലേക്ക് മാറ്റാനാണ് തീരുമാനം. അതിനായി എല്ലാ എം.എൽ.എമാരും ബംഗളൂരുവിലെത്താൻ പാർട്ടി നി‌‌‌ർദേശം നൽകിയിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാനായി മൂന്ന് മന്ത്രിമാരെയാണ് ജെ.ഡി.എസ് ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

കർണാടകത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി സർക്കാ‌ർ രൂപീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെ പറഞ്ഞു. ബി.ജെ.പി സർക്കാർ രൂപീകരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്,​ കോൺഗ്രസ് സർക്കാർ ഉടൻ താഴെ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.