തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ അദ്ദേഹം പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോർഡ് തുടർന്നുവരുന്ന അതിന്റേതായ പരമ്പരാഗതമായ രീതികളുണ്ട്. ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിണിസ്റ്റാണ്. മാത്രവുമല്ല,പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണെന്നും കോടിയേരി പറഞ്ഞു. വീഴ്‌ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ഒട്ടേറെ ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എ.പത്മകുമാർ പറഞ്ഞിരുന്നു. മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല. ഈ ആചാരത്തിനു മാറ്റം വന്നു. 18-ാം പടി പഞ്ചലോഹം കെട്ടി. സന്നിധാനത്ത് അഭിഷേകം നടത്താൻ വെള്ളമെടുത്തിരുന്ന മണിക്കിണറും ഭസ്‌മക്കുളവും മൂടി. ഇതു പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കും.
യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനു ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമൊന്നുമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ഒപ്പമാണ് ബോർഡെന്നും പത്മകുമാർ പറഞ്ഞിരുന്നു.