തിരുവനന്തപുരം: സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ഉദ്ഘാടനം ചെയ്യാൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരേറ്റത് ശരണം വിളികൾ. ക്ഷേത്രത്തിനുള്ളിൽ കടന്ന് ദർശനം നടത്തുമ്പോൾ പ്രസാദം നൽകിയ ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി പറഞ്ഞത് സ്വാമി ശരണം. ഉടൻ പ്രധാനമന്ത്രിയും പറഞ്ഞു. സ്വാമി ശരണം!.
കിഴക്കേ നടവഴി പ്രവേശിച്ച് ഗരുഡനേയും ഹനുമാൻ സ്വാമിയേയും തൊഴുതശേഷം നരസിംഹമൂർത്തിക്ക് മുന്നിലെ ആട്ടവിളക്ക് പ്രധാമന്ത്രി നെയ്യ് ഒഴിച്ച് കത്തിച്ചു. നെയ്യും തുളസിമാലയും സമർപ്പിച്ച് ദക്ഷിണ നൽകി പ്രസാദം വാങ്ങി. ഒറ്റക്കൽ മണ്ഡപത്തിൽ നിന്നാണ് ശ്രീപദ്മനാഭ ദർശനം നടത്തിയത്. പെരിയനമ്പി ഇടപാടി രാധാകൃഷ്ണ രവിപ്രസാദ് മോദിക്കായി പൂജ ചെയ്തു. നെയ്യ്, തുളസിമാല, മൂന്ന് താമരകൾ സമർപ്പിച്ച മോദി തുളസിമാല പദ്മനാഭ പാദത്തിൽ അണിയിച്ചു. തിരുവമ്പാടി കൃഷ്ണനെ തൊഴുത്, പ്രസാദം വാങ്ങിയ ശേഷം, അഗ്രശാലഗണപതിയെ തൊഴുത്, നാളികേരമുടച്ചു. 20മിനിട്ട് മോദി ക്ഷേത്രത്തിനുള്ളിൽ ചെലവിട്ടു.
പ്രധാനമന്ത്രിയെ കാണാനായി വൻ ജനക്കൂട്ടം ക്ഷേത്രത്തിനടുത്ത് തടിച്ചുകൂടിയിരുന്നു. രാത്രി 7.15ന് അദ്ദേഹം കിഴക്കേനടയിലെത്തും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും 7.40നാണ് എത്തിയത്. കിഴക്കേനടയിലെ ബാരിക്കേഡിന് അകത്തേക്ക് ക്ഷണിക്കപ്പെട്ട കുറച്ച് പേർക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. നഗരസഭയിലെ ബി.ജെ.പിയുടെ എല്ലാ കൗൺസിലർമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇവർക്കെല്ലാം മോദി ഹസ്തദാനം നൽകി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശിതരൂർ എം.പി, മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവരും ക്ഷേത്രനടയിലെത്തിയിരുന്നു.
രണ്ടു മിനിട്ടിനുള്ളിൽ ഉദ്ഘാടന ചടങ്ങ് പൂർത്തിയാക്കിയ മോദി, തന്ത്രി മഠത്തിൽ നിന്ന് വസ്ത്രം മാറിയാണ് ദർശനത്തിനെത്തിയത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ മാർത്താണ്ഡ വർമ്മയും ആദിത്യവർമ്മയും പ്രധാനമന്ത്രിയെ അകത്തേക്ക് സ്വീകരിച്ചു.സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ കമ്പ വിളക്ക് അടക്കം എല്ലാ ദീപങ്ങളും തെളിയിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, വി. മുരളീധരൻ എം.പി, ബി.ജെ.പി ജില്ലാപ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവരും ക്ഷേത്രത്തിനുള്ളിൽ പ്രധാനമന്ത്രിയെ അനുഗമിച്ചു.