സന്നിധാനം: ശബരിമലയിൽ ഇന്ന് രാവിലെ ദർശനത്തിന് ശ്രമിച്ച യുവതികളെ തടഞ്ഞത് ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തിയ വിശ്വാസികൾ. വിരലിലെണ്ണാവുന്ന മലയാളികൾ മാത്രമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്. ആന്ധ്രയിൽനിന്നുള്ള അഞ്ചു പേരാണ് യുവതികളെ തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞത്. ഇവരെ നീക്കം ചെയ്‌ത് പൊലീസ് യുവതികളുമായി മുന്നോട്ടു പോയി. എന്നാൽ നീലിമലയിൽ വച്ച് കുട്ടികൾ ഉൾപ്പെടെ കൂടുതൽ പേർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇവർ കർപ്പൂരാഴി കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികൾ ഉൾപ്പെട്ട സംഘത്തെ തടഞ്ഞു. കോയമ്പത്തൂരിലെ കോവൈ ധർമരാജഅരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂർത്തി സ്വാമിയുടെ നേതൃത്വത്തിൽ ദർശനത്തിനെത്തിയ 80 അംഗ സംഘം കൂടി തീർത്ഥാടകർക്കൊപ്പം ചേർന്നതോടെ യുവതികളുമായി പൊലീസിന് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയായി. മുൻസംഭവങ്ങൾ ആവർത്തിച്ചാൽ അന്യസംസ്ഥാന തീർത്ഥാടകരുടെ ജീവന് തന്നെ ഭീഷണിയുണ്ടായേക്കാമെന്ന ആശങ്കയെ തുടർന്നാണ് പൊലീസ് യുവതികളുമായി പിന്മാറിയത്.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയുടെ ഭാഗമായ ശ്രേയസ് കണാരൻ, സുബ്രഹ്മണ്യൻ, സുഭൻ, മിഥുൻ, സജേഷ് എന്നിവർക്കൊപ്പമാണ് കണ്ണൂർ സ്വദേശിയായ രേഷ്‌മ നിശാന്തും ഷനിലയും ദർശനത്തിനെത്തിയത്.