പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പൊലീസ് തിരിച്ചിറക്കിയ യുവതികൾ നിരാഹാര സമരത്തിൽ. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് രാവിലെ പൊലീസ് ഇവരെ തിരിച്ചിറക്കിയത്. തുടർന്ന് ഇവരെ പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ദർശനം നടത്താതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും യുവതികൾ അറിയിച്ചു. അറസ്റ്റ് ചെയ്തു എന്ന് പറഞ്ഞാണ് പൊലീസ് അവിടെ നിന്ന് മാറ്റിയത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നും അടുത്ത നീക്കത്തെ കുറിച്ച് വ്യക്തതയില്ലെന്നും യുവതികൾ അറിയിച്ചു.
ശബരിമല ദർശനത്തിനായി കഴിഞ്ഞ നാലുമാസമായി വ്രതം നോൽക്കുകായണ്. കുടുംബ ജീവിതത്തിലേക്ക് തിരികെ പോകണമെങ്കിൽ മാല ഊരണം, ദർശനം നടത്തിയാൽ മാത്രമേ അതിന് സാധിക്കുകയുള്ളുവെന്നും യുവതികൾ വ്യക്തമാക്കി. വളരെ സമാധാനമായി ദർശനത്തിനെത്താം എന്ന് കരുതിയാണ് മകരവിളക്ക് കഴിയാൻ കാത്തിരുന്നത്. ശബരിമലയിലേക്ക് എത്തുന്നതിന് മുൻപ് സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ ഉറപ്പോട് കൂടിയാണ് ദർശനത്തിനെത്തിയത്.
മലകയാറാൻ ഏത് വിധത്തിലുള്ള സമര മാർഗ്ഗവും സ്വീകരിക്കാൻ തയ്യാറാണെന്നും ദർശനം നടത്താതെ പിന്നോട്ടില്ലെന്നും ഷനില വ്യക്തമാക്കി. പുലർച്ചെ നീലിമലയിൽ മൂന്ന് പേരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. മുക്കാൽ മണിക്കൂറോളം പൊലീസ് തങ്ങളെ അവിടെ നിർത്തിയതാണ് പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായതെന്നും യുവതികൾ പറഞ്ഞു. രണ്ട് ദിവസം ബാക്കിയുണ്ട് ഈശ്വരൻ എന്തെങ്കിലും വഴി കാണിച്ച് തരുമെന്നും യുവതികൾ കൂട്ടിച്ചേർത്തു.
അതിരാവിലെ നീലിമലക്ക് സമീപത്താണ് യുവതികളെ പ്രതിഷേധക്കാർ തടഞ്ഞത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ട് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. ഒൻപത് പേരടങ്ങുന്ന സംഘത്തിലാണ് കണ്ണൂർ സ്വദേശികളായ രേഷ്മയും ഷനിലയും ശബരിമല ദർശനത്തിനായി എത്തിയത്. ഇതിൽ മറ്റ് ഏഴുപേർ പുരുഷൻമാരാണ്. യുവതികളെ തിരിച്ചിറക്കിയതിന് പിന്നാലെ പ്രതിഷേധക്കാരും അവിടം വിട്ടു.