ksrtc

തിരുവനന്തപുരം: കെ.എസ്.ആർടി.സി നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ.തച്ചങ്കരി. ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും എംപാനൽ ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്.

സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി.യിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങുന്നത്. പണിമുടക്കിനെതിരെ കോടതിയിൽ സെന്റർഫോർ കൺസ്യൂമർ എഡ്യുക്കേഷൻ ഹർജി സമർപ്പിച്ചിരുന്നു.