modi-kerala

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിവാദമദ്ധ്യേ തെക്കൻ തിരുവിതാംകൂറിൽ നിന്ന് എൻ.ഡി.എയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയത് കൃത്യമായ രാഷ്ട്രീയസന്ദേശമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി സംസ്ഥാനത്ത് പയറ്റാൻ പോകുന്നത് ശബരിമലയുടെ മറവിൽ സാദ്ധ്യമാകുന്ന ഹിന്ദുധ്രുവീകരണ വോട്ട് ബാങ്ക് തന്നെയെന്നതാണ് ആ സന്ദേശം.

കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറയുകയും കേരളത്തിലെ ഇടത്,വലത് മുന്നണികളെ കടന്നാക്രമിക്കുകയും ചെയ്തതിന് പുറമേ ചുരുങ്ങിയ വാക്കുകളിൽ മൂന്ന് കാര്യങ്ങളിൽ പ്രധാനമന്ത്രി രാഷ്ട്രീയാക്രമണത്തിന് മുതിർന്നു - ശബരിമല, മുത്തലാഖ്, സാമ്പത്തികസംവരണം. ശബരിമലയിലും മുത്തലാഖിലും കേരളത്തിലെ ഇടത്, വലത് മുന്നണികളിലേക്ക് ആക്രമണമുന തിരിച്ചപ്പോൾ സാമ്പത്തിക സംവരണ വിഷയത്തിൽ ലീഗിന്റെ എതിർപ്പ് എടുത്തുകാട്ടി യു.ഡി.എഫിനെ ആക്രമിച്ചു. യു.ഡി.എഫിനെ പരമ്പരാഗതമായി തുണയ്‌ക്കുന്ന നായർ വോട്ട്ബാങ്കാണ് ഇതിലൂടെ മോദിയും ബി.ജെ.പിയും ഉന്നമിടുന്നത്.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ഭരണഘടനാബാദ്ധ്യത നിറവേറ്റുകയാണെന്ന് സംസ്ഥാനസർക്കാർ അവകാശപ്പെടുമ്പോഴും പ്രധാനമന്ത്രി പരസ്യമായി അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തള്ളിപ്പറയുക മാത്രമല്ല, ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് അങ്ങേയറ്റത്തെ ലജ്ജാകരമായ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർ ഇന്ത്യൻ ചരിത്രത്തെയും സംസ്‌കാരത്തെയും ആത്മീയതയെയും മാനിക്കുന്നവരല്ലെങ്കിലും ഇത്രയും വെറുപ്പുളവാക്കുന്ന നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് പറയുക വഴി ലക്ഷ്യമിടുന്നത് ശബരിമലയുടെ പേരിലുയരുന്ന വിശ്വാസവികാരത്തെ മുതലെടുക്കുക തന്നെയാണ്.

ശബരിമലയുടെ പേരിൽ ലിംഗസമത്വവാദം ഉയർത്തുന്ന ഇടതുപക്ഷം മുത്തലാഖിനെ എതിർത്തതിനെ ചോദ്യം ചെയ്ത മോദി അവിടെയും പയറ്റിയത് ഹിന്ദുവികാരം ഉയർത്തിയുള്ള ധ്രുവീകരണ രാഷ്ട്രീയതന്ത്രമാണ്. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള ബില്ലിനെ എതിർത്തത് മുസ്ലിംലീഗുകാരാണെന്ന് എടുത്തു പറഞ്ഞതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല. ലീഗ് യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ടു തന്നെ മോദി ഇതിലൂടെ കോൺഗ്രസിനെയും ചോദ്യം ചെയ്യുകയാണ്.

ശബരിമല വിഷയത്തിൽ പാർലമെന്റിൽ ഒന്നും പത്തനംതിട്ടയിൽ മറ്റൊന്നും കോൺഗ്രസ് പറയുന്നുവെന്ന് പരിഹസിച്ച മോദി, അവരുടേത് ഇരട്ടത്താപ്പാണെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ രാഷ്ട്രീയാക്രമണങ്ങൾ നടത്തിയപ്പോഴും ആയുഷ്‌മാൻ പദ്ധതിയടക്കം കേന്ദ്രസർക്കാർ ഇക്കാലയളവിൽ കൈക്കൊണ്ട ജനക്ഷേമനടപടികൾ ഊന്നിപ്പറഞ്ഞ് വികസനസർക്കാരിന് വോട്ട് ചോദിക്കുകയും ചെയ്‌തു. ശബരിമല വിഷയത്തിൽ ബി.ജെ.പി പ്രവർത്തകരെ സംസ്ഥാനസർക്കാർ വേട്ടയാടുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും പ്രധാനമന്ത്രി അതിലേക്ക് കടന്നതേയില്ല.

ശൂന്യതയിൽ നിന്ന് അധികാരത്തിലേക്ക് വന്ന ത്രിപുരയിലെ സ്ഥിതി കേരളത്തിലും ബി.ജെ.പി ആവർത്തിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ശബരിമല വിവാദം പാർട്ടിക്ക് ഉണർവ്വുണ്ടാക്കിയെന്ന് കരുതുന്ന ബി.ജെ.പി നേതൃത്വം സമീപകാലത്തെ എൻ.എസ്.എസ് നിലപാടുകളും അനുകൂലമാക്കാമെന്ന കണക്കുകൂട്ടലിലാണ് നീങ്ങുന്നതെന്ന് വേണം കരുതാൻ. രാഷ്ട്രീയാന്തരീക്ഷം പരമാവധി ഉപയോഗിക്കുകയെന്ന സന്ദേശം കേരളനേതൃത്വത്തിന് നൽകിയാണ് പ്രധാനമന്ത്രി മടങ്ങുന്നത്.