മുബൈ : ഭവനഭേദനം നടത്തി കൊല്ലാനെത്തിയ അക്രമിയെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം മിണ്ടാപ്രാണികൾ. ഗോശാലയിലെ പശുക്കളെ കൊല്ലാനെത്തിയ പുലികളാണ് ഈ കേസിലെ അക്രമികൾ, സ്വയരക്ഷയ്ക്കായി കടും കൃത്യം ചെയ്തത് പാവം പശുക്കളും. മുംബൈയിലാണ് ലോകത്തെ പുലികളെയെല്ലാം ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അഹമ്മദ് നഗർ ജില്ലയിലെ ഗോശാലയിലെ പശുക്കളെ വേട്ടയാടാൻ രണ്ട് പുള്ളിപ്പുലികളാണ് രാത്രി എത്തിയത്. ഇതിൽ പശുക്കൾക്ക് മേൽ ചാടിവീണ പുലിയെയാണ് കൂട്ടം കൂടി നാൽപ്പതോളം പശുക്കൾ നേരിട്ടത്. കൊമ്പിൽ കോർത്തെടുത്ത് താഴെയിട്ട പുലിയെ ചവിട്ടിയാണ് പശുക്കൾ കൊലപ്പെടുത്തിയത്. സംഭവം കണ്ട് വിറച്ച മറ്റൊരു പുലി ഉടൻ സ്ഥലം വിടുകയായിരുന്നു.
ഗോശാലയിൽ നിന്നും അലർച്ച കേട്ട് എത്തിയ ഗ്രാമീണർ കണ്ടത് പശുക്കൾ പെരുമാറിയ പുള്ളിപ്പുലിയെയാണ്. വിവരമറിഞ്ഞതിനെ തുടർന്ന് വനപാലകരെത്തിയപ്പോഴേക്കും പുലി ചത്തിരുന്നു. പൊരിഞ്ഞ സംഘട്ടനത്തിനിടെ ഒരു പശുക്കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.