ന്യൂഡൽഹി : ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബഡ്ജറ്റിൽ രാജ്യത്തെ മദ്ധ്യവർഗത്തിനെ കൈയ്യിലെടുക്കാനുള്ള വമ്പൻ പ്രഖ്യാപനമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ. ഇൻകം ടാക്സ് പരിധി രണ്ടര ലക്ഷം രൂപയിൽ നിന്ന് ഇരട്ടിയാക്കി അഞ്ചു ലക്ഷം രൂപയിലേക്ക് ഉയർത്തുമെന്ന അഭ്യൂഹമാണ് പരക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാനായി ബി.ജെ.പി പുറത്തെടുക്കുന്ന മികച്ച അടവുകളിലൊന്നായാണ് ഇതിനെ ധനകാര്യവിദഗ്ദ്ധർ കണക്കാക്കുന്നത്.
നിലവിൽ രാജ്യത്ത് രണ്ടരലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ള പൗരൻമാർ നികുതി അടയ്‌ക്കേണ്ടതായിട്ടുണ്ട്. രണ്ടരലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ നികുതി സ്ളാബ് കണക്കാക്കുന്ന തുകകൾ വർദ്ധിപ്പിക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ധനമന്ത്രി യാതൊരു മാറ്റവും കൊണ്ടുവന്നിരുന്നില്ല. എന്നാൽ ഈ വർഷം തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുന്ന വേളയിൽ മധ്യവർഗക്കാരെയും സ്ഥിരവരുമാനക്കാരെയും ആകർഷിക്കാനുതകുന്നരീതിയിൽ നികുതി ഘടനയിൽ മാറ്റമുണ്ടാകുമെന്ന ഉറപ്പിലാണ് ധനകാര്യവിദഗ്ദ്ധർ.