crime

ആലപ്പുഴ: ആലപ്പുഴയിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ വ്യാജ ഡോക്ടർ നഗരസഭ വാടയ്ക്കൽ വാർഡ് ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ. യേശുദാസ് (സാജൻ 42) കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രശസ്തമായ നിരവധി സ്വകാര്യ ആശുപത്രികളിൽ വർഷങ്ങളായി ചികിത്സ നടത്തിയിരുന്നുവെന്ന് വ്യക്തമായി.

വർഷങ്ങളായി ചേർത്തല, അർത്തുങ്കൽ, പള്ളിപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ 'ത്വക്ക്‌രോഗ വിദഗ്ദ്ധ'നായി പ്രാക്ടീസ് നടത്തുകയായിരുന്നു. പ്രീഡിഗ്രി പാസായശേഷം ഫിസിയോ തെറാപ്പി കോഴ്സിനു ചേർന്ന യേശുദാസ് കോഴ്സ് പൂർത്തിയാക്കാതെ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പഠിക്കുകയാണെന്ന് മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചും വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയുമാണ് 'ഡോക്ടർ' ജീവിതം ആരംഭിച്ചത്. ഇതിനിടെ വിവാഹവും നടന്നു.

ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ട്രെയിനിംഗും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു. വ്യാജമായി തയ്യാറാക്കിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർട്ടിഫിക്കറ്റും വ്യാജ എം.ബി.ബി.എസ് മാർക്ക് ലിസ്റ്റും കാട്ടിയാണ് സംസ്ഥാനത്തെ പല വൻകിട ആശുപത്രികളിലും യേശുദാസ് കടന്നുകൂടിയത്. വാടയ്ക്കലിലെ കുടുംബവീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിന് രോഗികളെയാണ് ദിവസേന ചികിത്സിച്ചിരുന്നത്. മാന്യമായ പെരുമാറ്റത്തിലൂടെ വളരെ പെട്ടെന്ന് ഇയാൾ രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറുകയായിരുന്നു. ചേർത്തല ഐ.എം.എ യൂത്ത് ക്ലബ്ബ് സെക്രട്ടറിയാണെന്നാണ് യേശുദാസ് അവകാശപ്പെട്ടിരുന്നത്.

ജില്ലാ പൊലീസ് മേധാവി കെ.എം. ടോമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, തിങ്കളാഴ്ച ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പരിശോധന കഴിഞ്ഞിറങ്ങിയ സമയത്താണ് യേശുദാസനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനായി ജോലി നോക്കുന്ന ഡോക്ടറുടെ രജിസ്‌ട്രേഷൻ നമ്പരിലാണ് യേശുദാസ് വ്യാജമായി സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഇയാളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.