nazir-son-shanavas

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീർ വിടവാങ്ങിയിട്ട് മുപ്പതാണ്ടുകൾ തികയുന്നു. മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളസിനിമയുടെ യശസുയർത്തിയ പ്രിയനടന് ജന്മനാട്ടിൽ പോലും ഒരു സ്‌മാ‌രകം പണിയാൻ മാറിമാറി വരുന്ന സർക്കാരുകൾ തയ്യാറായിട്ടില്ല. ജാതിയോ മതമോ രാഷ്‌ട്രീയ ഭേദമോ നോക്കാതെ ഏവർക്കും നന്മ ചെയ്‌ത നസീറിനെ വിസ്‌മരിക്കുന്നത് എന്തോ പ്രതികാര നടപടിയായി തോന്നുകയാണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ഷാനവാസ്. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അദ്ദേഹം മനസു തുറന്നത്.

ഷാനവാസിന്റെ വാക്കുകൾ-

'ഞങ്ങൾ പലതവണ പലസർക്കാരിനെയും സമീപിച്ചു. നിങ്ങൾ അനുയോജ്യമായ സ്ഥലം കണ്ടെത്തി പറയൂ എന്ന മറുപടി ലഭിക്കും. അതുമായി ചെല്ലുമ്പോൾ പിന്നെയും എക്‌സ്‌ക്യൂസ് പറയും. ഇങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം ഞങ്ങൾക്ക് മടുത്തു. ഇവരോടെല്ലാം ചോദിച്ചിട്ട് കാര്യമില്ലെന്ന് മനസിലായി. എന്നാൽ മറ്റു പല കലാകാരന്മാർക്കും സ്‌മാരകങ്ങളും മറ്റുമെല്ലാം കെട്ടികൊടുക്കുന്നുണ്ട് എല്ലാമുണ്ട്. ഇദ്ദേഹത്തിനു മാത്രമില്ല. അപ്പോൾ എന്തോ ഒരു വെൻജിയൻസ് പോലെ.

എല്ലാവരെയും സഹായിച്ച ആളാണ് അദ്ദേഹം. മനുഷ്യരെയും ഗവൺമെന്റിനെയും എല്ലാവരെയും സഹായിച്ചു. എന്നാൽ അദ്ദേഹത്തിന്റെ കാര്യം വന്നപ്പോൾ അവർക്ക് തിരിച്ചു ചെയ്യാൻ മടി. കോൺഗ്രസിന് വേണ്ടി എത്ര സ്‌റ്റേജുകൾ കയറിയിറങ്ങിയതാണ്. എല്ലായിടത്തും പോയി. ഫുൾ കേരള ടൂർ ചെയ്‌തു. അങ്ങനെയാണ് അസുഖം പിടിപെടുന്നത്. കറക്‌ട് ടൈമിന് ആഹാരമില്ലാതെ അൾസറും മറ്റും വന്നു. എന്നിട്ട് അവർപോലും ഒന്നും ചെയ്‌തില്ല. അത്ര ആത്മാർത്ഥമായി ചെയ്‌തിട്ടു പോലും അവർക്കാർക്കും നന്ദിയില്ല.

കഴിഞ്ഞകാലങ്ങളിൽ അന്തരിച്ചവർക്കുവരെ വലിയ സ്‌മാരകങ്ങളും റോഡിന്റെ പേരും ഹാളുകളുടെ പേരും എല്ലാം ചെയ്‌തുകൊടുക്കുന്നുണ്ട്. പക്ഷേ ഇദ്ദേഹത്തിന് മാത്രം ഒന്നുമില്ല. ഒരുപക്ഷേ ഇനി മുസ്ളീം ആയതുകൊണ്ടാണോ എന്നും അറിയില്ല'- ഷാനവാസ് പറഞ്ഞു.

'ഫാദറിന് കിട്ടിയ എല്ലാ പുരസ്‌കാരങ്ങളും എന്റടുത്ത് ഇരിക്കുകയാണ്. മദ്രാസിൽ നിന്ന് ഇങ്ങോട്ട് ഷിഫ്‌റ്റ് ചെയ്‌പ്പോൾ എല്ലാം പാക്ക് ചെയ്‌ത് വച്ചിരിക്കുകയാണ്. ഒരു സ്ഥലമുണ്ടായാൽ അതിലേക്ക് മാറ്റാമെന്ന് പറഞ്ഞ് വച്ചിരിക്കുകയാണ്. ഒന്നും ചെയ്‌തില്ലെങ്കിലും നോ പ്രോബ്ളം, പക്ഷേ തരാം തരാം എന്ന് ഇങ്ങനെ നുണ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാണ്. ഈ സർക്കാരെങ്കിലും മുൻകൈ എടുക്കുമെന്ന് വിചാരിക്കുന്നു, അവരടുത്തു പോയിരുന്നു. പലതും പ്രോമിസ് ചെയ്‌തിട്ടുണ്ട് ഒന്നും നടക്കുന്നില്ലെന്ന് മാത്രം' -ഷാനവാസ് കൂട്ടിച്ചേർത്തു.