ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന മതപരിവർത്തനങ്ങൾ നിയന്ത്രണ വിധേയമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. 'നിങ്ങൾ ഹിന്ദു ആണെങ്കിൽ ഹിന്ദു ആയിത്തനെ തുടരൂ, മുസ്‌ലിമാണെങ്കിൽ മുസ്‌ലിമായും, കൃസ്‌ത്യൻ ആണെങ്കിൽ കൃസ്‌ത്യനായും തുടരുക. എന്തിനാണ് മതപരിവർത്തനം ചെയ്യുന്നത്?'-രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ഒരു ക്രിസ്‌ത്യൻ സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വൻ തോതിൽ മതപരിവർത്തനം നടക്കുന്നുണ്ട്. മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മതിക്കുന്നുവെന്നും എന്നാൽ, മതം മാറുന്നതിനു മുമ്പ് സംവാദങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ രാജ്യമാണെന്നും, സഹിഷ്‌ണതയോടെയാണ് എല്ലാ മതങ്ങളും ഇവിടെ കഴിഞ്ഞു പോരുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ തയ്യാറായതാണെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്യപ്പെടരുത്.
എന്നാൽ, വലിയ തോതിലുള്ള മതപരിവർത്തനം ഉത്കണഠയുണ്ടാക്കുന്നതാണ്. ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾ മതപരിവർത്ത വിരുദ്ധ നിയമം കൊണ്ടു വരണമെന്ന് ആവശ്യപ്പെടുമ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമാണ് മത പരിവർത്തന വിരുദ്ധനിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.