എസ്.ഐ ആർജവും ബഞ്ചമിനും ഞെട്ടിത്തിരിഞ്ഞു.
അവിടെ, എല്ലാം കണ്ട് നടുങ്ങിത്തരിച്ച് വായും പിളർന്നു നിൽക്കുന്ന ഒരാൾ!
ജാതിത്തോട്ടത്തിന്റെ വാച്ചർ നടരാജൻ...
അയാൾ, തൂങ്ങിനിൽക്കുന്ന ഗ്രിഗറിയെയും കൂട്ടരേയും പിന്നെ ആർജവിനെയും ബഞ്ചമിനെയും മാറി മാറി നോക്കി.
അയാൾ നിന്ന് ആടുകയും കണ്ണുകൾ അടഞ്ഞുപോകുകയും പണിപ്പെട്ട് തുറക്കാൻ ശ്രമിക്കുന്നതും ആർജവ് ശ്രദ്ധിച്ചു.
ആർജവ് ബഞ്ചമിനെ നോക്കി ഒന്നു കണ്ണിറുക്കി. പിന്നെ നടരാജന്റെ അടുത്തേക്കു ഒരു ചുവടു വച്ചു.
''ആരാടാ നീ?'
''ഞാൻ ...' അയാൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു.''എന്റെ പേര്...'
ഓർത്തെടുക്കും പോലെ അല്പനേരം നിന്നിട്ടാണ് അയാൾ പറഞ്ഞത്.
''നടരാജൻ...'
''നീ എന്തിനാടാ ഇവരെ കൊന്നത്?'
ബഞ്ചമിൻ ഗ്രിഗറിക്കും മറ്റും നേർക്കു കൈ ചൂണ്ടി.
''ഞാനോ?'
''പിന്നല്ലാതാരാ...'
നടരാജന് ഉത്തരമില്ല. ഓർമ്മയിൽ നിന്ന് എന്തൊക്കെയോ ചികഞ്ഞെടുക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി.
''നീ തന്നെയാ ഇവരെ കൊന്നത്. ഞങ്ങള് കണ്ടു. പോലീസിനോട് ഞങ്ങളിത് പറയാൻ പോകുവാ...'
മദ്യലഹരിയിലും നടരാജൻ വിറച്ചുപോയി..
ഗ്രിഗറിക്കും മറ്റും ഒപ്പമിരുന്ന് മദ്യപിക്കുകയും ചിക്കനും ചപ്പാത്തിയും തിന്നതും മാത്രമേ ഓർമ്മയിലുള്ളൂ.
പിന്നെ എന്തു നടന്നു.
അതെന്തായാലും തന്നെ ബാധിക്കരുത്. നടരാജൻ അപേക്ഷിച്ചു:
''അയ്യോ. എന്നെ പോലീസിനെക്കൊണ്ടു പിടിപ്പിക്കരുത്.'
''ഞങ്ങൾ ശ്രമിക്കാം.' ആർജവ് ചിരിയടക്കി. തങ്ങൾ യൂണിഫോമിൽ അല്ലാതിരുന്നത് നന്നായെന്നും അയാൾക്കു തോന്നി.
''എങ്കിൽ ഇവരുടെ ബാക്കി കാര്യം കൂടി നീ നോക്കിക്കോണം.'
പറഞ്ഞിട്ട് ബഞ്ചമിനും ആർജവും പുറത്തേക്കു നടന്നു.
പെട്ടെന്ന് പിന്നിൽ നിന്ന് നടരാജൻ തിരക്കി:
''നിങ്ങളാരാ....'
''കൽക്കി! മുസാഫിർ സുബ്രഹ്മണ്യ ഈശോ...'
ആർജവ് പറഞ്ഞു.
''മറ്റേയാളോ?'
ബഞ്ചമിൻ തിരിഞ്ഞുനോക്കി.
''ഞാൻ കൽക്കി! മുസാഫിർ സുബ്രഹ്മണ്യ ഈശോ..'
''ങ്‌ഹേ!?' നടരാജൻ അമ്പരന്നു. ''രണ്ടുപേരുടെയും പേര് ഒന്നാണോ?'
''രണ്ടുപേരോ? നിനക്കെന്താടാ ഭ്രാന്തുണ്ടോ? ഞാൻ ഒരാളല്ലേ ഉള്ളു?' ആർജവ് ചോദിച്ചു.
''ഒരാളോ?' നടരാജൻ കണ്ണുകൾ തിരുമ്മി.
ആ നേരത്തിനുള്ളിൽ ബഞ്ചമിൻ പുറത്തു കടന്നു.
വീണ്ടും സൂക്ഷിച്ചു നോക്കിയ നടരാജൻ പരുങ്ങി:
''യ്യോ.... ഒരാളേ ഒള്ളാരുന്നോ?'
''അതേ. കുറച്ചു കുടിക്കണമെടാ. അല്ലെങ്കിൽ ഇങ്ങനെ രണ്ടും മൂന്നുമായൊക്കെ തോന്നും.'
പിന്നീട് ഒരു നിമിഷം നിൽക്കാതെ ആർജവും അവിടെ നിന്നിറങ്ങി.
നടരാജൻ എന്തുചെയ്യണം എന്നറിയാതെ തലയിൽ കൈവച്ചുകൊണ്ട് തറയിൽ കുത്തിയിരുന്നു....
ആർജവും ബഞ്ചമിനും കൂടി ചെന്നു ബൊലേറോയിൽ കയറി.
ബിന്ദുലാൽ വളരെ വേഗം അത് ഓടിച്ചുപോയി...
കോഴഞ്ചേരിയിലേക്കായിരുന്നു യാത്ര...
വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ പിങ്ക് പോലീസ് എസ്.ഐ വിജയയ്ക്ക് നല്ല ആശ്വാസം അനുഭവപ്പെട്ടു.
മുൻ സീറ്റിൽ നിന്ന് പിന്നോട്ട് തിരിഞ്ഞിരുന്ന് ഉദേഷ്‌കുമാർ അവളെ ഓർമ്മപ്പെടുത്തി:
''ഞങ്ങളാണ് വിജയയെ രക്ഷിച്ചതെന്ന് മറ്റാരും അറിയണ്ടാ.. ആരോ തന്നെ കൊണ്ടു പോയി മർദ്ദിച്ചു. പത്രം തുടങ്ങുമോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തി. അവസാനം മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിച്ചു. അങ്ങനെയേ പറയാവൂ..'
വിജയ സമ്മതിച്ചു.
കോഴഞ്ചേരി...
മുത്തൂറ്റ് ഹോസ്പിറ്റലിന് അടുത്തുനിന്ന് ചെറുകോൽപ്പുഴയ്ക്കു തിരിയുന്ന റോഡിൽ, മാരുതി സർവ്വീസിംഗ് സെന്ററിനരുകിൽ അവർ വിജയയെ ഇറക്കി.
''ഞങ്ങൾ തൊട്ടടുത്തുണ്ടാവും. ഇനി വരുന്ന വണ്ടിക്ക് വിജയ കൈ കാണിക്കണം.'
ആർജവ് പറഞ്ഞു.
ബൊലേറോ കുറച്ച് അപ്പുറത്തേക്കു മാറ്റിനിർത്തിയിട്ട് പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങി മറ്റാരും കാണാതെ കരുതലോടെ നിന്നു. (തുടരും)