ബി.ജെ.പിയുടെ സ്വപ്ന പദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കേരളത്തിൽ കൈയ്യടി കിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേരള സന്ദർശനത്തിന് കഴിഞ്ഞ ദിവസമെത്തിയ പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയെകുറിച്ച് വാചാലനായപ്പോൾ ബിജെപിക്കാരും കുടുംബാംഗങ്ങളുമടക്കം അത് കേട്ട് കൈയ്യടിക്കാതിരുന്നത് കേരളത്തിൽ നിലവിലുള്ള ആരോഗ്യ പദ്ധതികളെ കുറിച്ച് അറിവുള്ളതിനാലാണ്. രാജ്യത്തിനാകെ മാതൃകയായ പൊതുആരോഗ്യസംവിധാനങ്ങളും ആരോഗ്യഇൻഷ്വറൻസ് പദ്ധതികളും ഉള്ള സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനെത്തിയവരടക്കം അതിന്റെ ഗുണഭോക്താക്കളാണെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
അമ്പതുകോടിപേർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്ന് കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി പദ്ധതിയ്ക്കായി ഒരാൾക്ക് എത്ര രൂപ നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല, 1100 രൂപ പ്രീമിയമടച്ചാൽ എങ്ങനെയാണ് അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ആനുകൂല്യം നൽകാനാവുക എന്നും അതിനായി ചുരുങ്ങിയത് പ്രീമിയമായി ഏഴായിരം രൂപ എങ്കിലും വേണ്ടിവരുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് മുൻപേ കാരുണ്യ, ചിസ്, ചിസ് പ്ലസ് പദ്ധതികൾ മാതൃകാപരമായി നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ആയുഷ്മാൻ ഭാരത് പദ്ധതിയ്ക്കുള്ള മറുപടി വരുന്ന കേരള ബജറ്റിൽ രാജ്യം കാണുമെന്നും ധനമന്ത്രി സൂചിപ്പിക്കുന്നു. ആരോഗ്യ രംഗത്ത് ആയുഷ്മാൻ ഭാരത് പദ്ധതിയെ വെല്ലുന്ന തരത്തിൽ പുതിയ പദ്ധതിയുണ്ടാവുമെന്ന സൂചന നൽകിയാണ് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.