ഷൂ ഇനിമുതൽ ഇടക്കിടെ അയച്ചും മുറുക്കിയും കെട്ടി കഷ്ടപ്പെടേണ്ട. അതൊക്കെ ഇനി ഫോൺ നോക്കിക്കോളും. ടെക്നോളജിയുടെ കടന്നുകയറ്റം അവിടെ വരെ എത്തി എന്നർത്ഥം. പ്രമുഖ ഷൂ നിർമ്മാണ കമ്പനിയായ നൈക്കാണ് പുത്തൻ ആശയം അവതരിപ്പിച്ചിരിക്കുന്നത്. 'അഡാപ്റ്റ് ബിബി' എന്ന സ്പോർട്ട്സ് ഷൂവിലാണ് നൈക്ക് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഒരു ആപ്പിലൂടെ ഷൂ കാലിന് യോജിച്ച നിലയിൽ ക്രമീകരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ബാസ്കറ്റ് ബോൾ ഷൂവിലാണ് നൈക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നത്. അത് തിരഞ്ഞെടുക്കാനുണ്ടായ കാരണവും നൈക്ക് വ്യക്തമാക്കുന്നുണ്ട്. ബാസ്കറ്റ് ബോൾ കളിക്കുമ്പോൾ കാലിലെ രക്ത ചംക്രമണത്തിന് വ്യതിയാനം സംഭവിക്കും. ഇത് കാലിൽ അണിഞ്ഞിരിക്കുന്ന ഷൂ അയയാൻ കാരണമാകുകയും കളിക്കാരന് ഇടക്കിടെ ഷൂ അഴിച്ച് കെട്ടേണ്ടി വരും ഇത് ഒഴിവാക്കാനായാണ് അഡാപ്റ്റ് ഷൂ ഉറപ്പിക്കാൻ കഴിയുമെന്ന് നൈക്ക് അവകാശപ്പെടുന്നു.
സെൻസറിംഗ് സംവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. കാലുകളിലെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ശേഷം സെൻസർ ആപ്പിലേക്ക് വിവരങ്ങൾ കൈമാറും ഇതനുസരിച്ച് ഷൂവിന്റെ ക്രമീകരണങ്ങളിൽ വ്യത്യാസം സംഭവിക്കും. ഷൂവിൽ എൽ.ഇ.ഡി സംവിധാനവും മോട്ടോർ സംവിധാനം എന്നിവയും ഉണ്ടാകും. ചാർജ്ജ് ചെയ്താണ് ഷൂ ഉപയോഗിക്കുന്നത്. രണ്ടാഴ്ചയോളം ഷൂവിൽ ചാർജ്ജ് നിൽക്കുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
അടുത്തമാസം ഷൂ വിപണിയിലെത്തിക്കാനാണ് നൈക് ശ്രമിക്കുന്നത്. 350ഡോളറാണ് ഷൂവിന്റെ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിൽ ഏകദേശം 2500രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കമ്പനി ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിലെ കാലാവസ്ഥക്കനുസൃതമായി ഷൂ എത്രകാലം നിലനിൽക്കും എന്നതും സംശയമാണ്.