കൊച്ചി: കളമറിഞ്ഞ് കളിച്ചാൽ യു.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച കോട്ടകളിലൊന്നായ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി അട്ടിമറി സാദ്ധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. അതിന് പറ്റിയ ജനസമ്മതനായ സ്വതന്ത്രനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന.
കെ.വി തോമസ് അഞ്ച് തവണ അനായാസം ജയിച്ച് കയറിയ മണ്ഡലത്തിൽ ഇക്കുറി ശക്തനായൊരു എതിരാളി വേണമെന്ന വികാരം ഇടതുമുന്നണിയിൽ ശക്തമാണ്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിൽ ബി.ജെ.പിയും പോര് മുറുക്കും.
കെ.പി.സി.സി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴികെ കോൺഗ്രസിൽ സിറ്റിംഗ് എം.പിമാരെല്ലാം മത്സരിക്കുമെന്ന സൂചനയുള്ളതിനാൽ കെ.വി തോമസ് തന്നെയാകും ഇക്കുറിയും എറണാകുളത്ത് സ്ഥാനാർത്ഥി. എന്നാൽ, കെ.വി. തോമസ് മാറണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയരുന്നുണ്ട്. യുവാക്കളുടെ പ്രതിനിധിയായി ഒരാൾ വേണമെന്ന ആവശ്യം യു.ഡി.എഫ് പാളയത്തിൽ ശക്തമാണ്. മുൻ മേയർ ടോണി ചമ്മണി, ഹൈബി ഈഡൻ, യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയി, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ തുടങ്ങിയവരുടെ പേരുകൾ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്.
റിമാ കല്ലിങ്കൽ, ആഷിക് അബു, ശ്രീനിവാസൻ...
കെ.വി തോമസിനെ അട്ടിമറിക്കാൻ തക്ക വ്യക്തിപ്രഭാവമുള്ള സ്വതന്ത്രനെയാണ് എൽ.ഡി.എഫ് തെരയുന്നതത്രേ. 2014ൽ സ്ഥാനാർത്ഥിയാകാൻ നിരവധി കരുത്തരായ നേതാക്കളുണ്ടായിട്ടും സി.പി.എം ക്രിസ്റ്റിയെ നിയോഗിച്ചതിൽ പാർട്ടിക്കുള്ളിൽ നിന്നുപോലും അമർഷമുണ്ടായിരുന്നു. പാർട്ടി മുൻ ജില്ലാ സെക്രട്ടറി പി. രാജീവിനെ എറണാകുളത്ത് മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേൾക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ തിളങ്ങിയ ചരിത്രവും രാജീവിന് അനുകൂല ഘടകമാണ്. അതേസമയം, ചാലക്കുടി മണ്ഡലം നിലനിറുത്താൻ രാജീവിനെ പാർട്ടി നിയോഗിച്ചേക്കുമെന്ന് കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എറണാകുളത്ത് ഇടതു സ്വതന്ത്രനെ പരീക്ഷിച്ചേക്കാം. നടി റിമാ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു, നടൻ ശ്രീനിവാസൻ തുടങ്ങിയവരുടെ പേരുകൾ ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. സി.ഐ.ടി.യു നേതാവും മുൻ എം.പിയുമായ കെ. ചന്ദ്രൻപിള്ളയാണ് സാദ്ധ്യത കൽപ്പിക്കുന്നവരിൽ മറ്റൊരു പ്രമുഖൻ.
ബി.ജെ.പിയിൽ നിന്ന് പുതുമുഖം
ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ ബി.ജെ.പി എറണാകുളത്ത് പുതുമുഖത്തെ പരീക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്. എൻ.ഡി.എയുടെ ഘടകകക്ഷികളിൽ ആർക്കെങ്കിലും സീറ്റ് നൽകാൻ സാദ്ധ്യതയുണ്ടെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ മുൻ കേന്ദ്രമന്ത്രി പി.സി തോമസിന് സാദ്ധ്യത കല്പിക്കുന്നവരുണ്ട്.
എറണാകുളം: നിയമസഭാ മണ്ഡലങ്ങൾ
കളമശേരി
പറവൂർ
വൈപ്പിൻ
കൊച്ചി
തൃപ്പൂണിത്തുറ
എറണാകുളം
തൃക്കാക്കര