കൊച്ചി: ഇന്ന് രാത്രി മുതൽ നടത്താനിരുന്ന കെ.എസ്.ആർ.ടി.സി അനിശ്ചിതകാല പണിമുടക്ക് ഹെെക്കോടതി തടഞ്ഞു. കെ.എസ്.ആർ.ടി.സി യൂണിയനുകൾ നാളെ മുതൽ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു. ചൊവ്വാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. നേരത്തെ, സമരം നീട്ടിവച്ചുകൂടെയെന്നും, നിയമപരമായ പരിഹാരങ്ങളുള്ളപ്പോൾ എന്തിനാണ് മറ്റ് മാർഗങ്ങൾ തേടുന്നതെന്നും ഹെെക്കോടതി ചോദിച്ചിരുന്നു. നിയമപരമായ അവസരം ലഭിക്കുമ്പോൾ, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും, കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ.തച്ചങ്കരിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എം.ഡിക്ക് ബാധ്യതയുണ്ടെന്നും ഒത്തു തീർപ്പ് ചർച്ച വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പ്രശ്‌നപരിഹാരത്തിൽ എം.ഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികൾക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്‌ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്റാണെന്നും കോടതി വ്യക്തമാക്കി.
ടോമിൻ ജെ.തച്ചങ്കരി യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം,ശമ്പള പരിഷ്‌കരണ റിപ്പോർട്ട് ഗതാഗത സെക്രട്ടറിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് എം.ഡി ചർച്ചയിൽ നിലപാട് സ്വീകരിച്ചത്. എന്നാൽ, റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സെക്രട്ടറി അറിയിച്ചത്. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും യൂണിയൻ പ്രതിനിധികൾ ആരോപിച്ചിരുന്നു.
ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് യൂണിയൻ നേതാക്കൾ അറിയിച്ചിരുന്നത്. കെ.എസ്.ആർ.ടി.സി.യിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നത്.