തിരുവനന്തപുരം: ചെന്നൈയിൽ നിര്യാതനായ ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന് ജന്മനാട്ടിൽ അന്ത്യവിശ്രമം. ഇന്നുരാവിലെ പത്തേകാലോടെ പണ്ഡിറ്റ് കോളനിയിലെ വസതിയിൽ നിന്ന് പുഷ്പാലംകൃതമായ വാഹനത്തിൽ യൂണിവേഴ്സറ്റി കോളേജിലേക്ക് കൊണ്ടുപോയി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മൃതദേഹം കലാഭവനിലേക്ക് കൊണ്ടുപോയിരുന്നു. പൊതുദർശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം.
അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ നിരവധി പേർ രാവിലെ തന്നെ വസതിയിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സംവിധായകൻ മധുപാൽ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ട്രിഡ ചെയർമാൻ ജയൻബാബു, പി.കെ.ബിജു എം.പി, നടൻ ജഗദീഷ്, മുൻ എം.എൽഎ വി.ശിവൻകുട്ടി തുടങ്ങിയവരൊക്കെ അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പാണ് കരൾ മാറ്റിവച്ചത്. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിൻ രാജേന്ദ്രന്റെ ജനനം. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. പിന്നീട് ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി.1985 ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് രാജേന്ദ്രൻ. 1981ൽ പുറത്തിറങ്ങിയ വേനലാണ് ആദ്യ ചിത്രം.
1992ലെ ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1996ലെ കുലം എന്ന ചിത്രത്തിന് കലാമൂല്യമുള്ള ജനപ്രീയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ 'സ്വാതിതിരുന്നാൾ'. ദൈവത്തിന്റെ വികൃതികൾ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001ലെ 'മഴ.' ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല ,പുരാവൃത്തം, വചനം, അന്യർ, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് മറ്റുപ്രധാന ചിത്രങ്ങൾ.