നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം വിലവരുന്ന എട്ടു കിലോ സ്വർണമിശ്രിതം പിടികൂടിയ കേസിൽ വിമാനക്കമ്പനി ജീവനക്കാരിലേക്കും അന്വേഷണം. സമീപകാലത്ത് നെടുമ്പാശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
ഇന്നലെ ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ ജെറ്റ് എയർവേസിന്റ വിമാനത്തിലെ വേസ്റ്റ് ബോക്സിൽ നിന്നാണ് രണ്ട് പാക്കറ്റുകളിലായി സ്വർണം കലർന്ന മിശ്രിതം കണ്ടെത്തിയത്. വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ച ശേഷം വിമാനം ക്ലീനിംഗ് നടത്തുന്നതിനിടെ സ്വർണം പുറത്തെത്തിക്കാൻ വിമാനക്കമ്പനി ജീവനക്കാർ ആരെങ്കിലും സ്വർണമാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
വിമാനക്കമ്പനി ജീവനക്കാർ, ഗ്രൗണ്ട് ഹാന്റലിംഗ് തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ സഹായമില്ലാതെ സ്വർണം പുറത്തെത്തിക്കുക എളുപ്പമല്ല. ഷാർജയിൽ നിന്നും ചെക്കിംഗ് പൂർത്തിയാക്കി ഏതെങ്കിലും യാത്രക്കാർ കൊണ്ടുവന്ന സ്വർണമാണെങ്കിൽ വിമാനത്തിൽ ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആരുടെയെങ്കിലും സഹായം ഉറപ്പാക്കിയ ശേഷം വേസ്റ്റ് ബോക്സിൽ സൂക്ഷിച്ചതാകാമെന്നാണ് കസ്റ്റംസ് അനുമാനിക്കുന്നത്.
സ്വർണം പലരൂപത്തിലാക്കി പല തരത്തിലാണ് കടത്തുന്നത്. ഇന്നലെ പിടികൂടിയ സ്വർണം കുഴമ്പ് രൂപത്തിലുള്ള മിശ്രിതത്തിലായിരുന്നു. മിശ്രിതത്തിൽ നിന്നും വേർപ്പെടുത്തിയപ്പോൾ 5.7 കിലോ സ്വർണമാണ് കിട്ടിയത്. വിപണിയിൽ ഏകദേശം 1.91 കോടി രൂപ വില വരുമെന്നാണ് കസ്റ്റംസിന്റ പ്രാഥമിക നിഗമനം.
നടുവേദന വരുമ്പോൾ അരയിൽ ഉപയോഗിക്കുന്ന ബെൽറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ മിശ്രിതം. വിമാനത്തിലെ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ പുറത്തേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ അവശിഷ്ടങ്ങൾക്കൊപ്പം സ്വർണ മിശ്രിതവും പുറത്തെത്തിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്നും സംശയിക്കുന്നു. ഇത്തരത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം പുറത്തേക്ക് കടത്താൻ ശ്രമിച്ച നാല് കിലോഗ്രാം സ്വർണം കഴിഞ്ഞ ആഴ്ച ഇവിടെ പിടികൂടിയിരുന്നു. മട്ടൻകറിയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
കറിയിലെ എല്ലിന്റെ ഉള്ളിലാണ് സ്വർണം കയറ്റിയിരുന്നത്. നേരിട്ട് സ്വർണം കടത്തുന്നത് വളരെ പെട്ടെന്ന് പിടികൂടുന്നതിനെ തുടർന്നാണ് സ്വർണ മാഫിയ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നത്. മറ്റ് വസ്തുക്കൾക്കൊപ്പം കലർത്തി മിശ്രിത രൂപത്തിൽ സ്വർണം എത്തിച്ച ശേഷം പ്രത്യേക രാസ വസ്തുക്കൾ ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കും. മിശ്രിത രൂപത്തിൽ കൊണ്ടുവരുന്ന സ്വർണം മെറ്റൽ ഡിറ്റക്ടറിൽ പോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇത് മുതലെടുത്താണ് സ്വർണക്കടത്ത് മാഫിയ പുതിയ രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്.