-lal-mammootty

മലയാള സിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഒരേ കാലഘട്ടത്തിൽ സിനിമയിൽ എത്തിയ ഇരുവരും മലയാളത്തിന്റെ താരരാജാക്കന്മാരായി വളർന്നുവെന്നത് ചരിത്രം. പകരം വയ്‌ക്കാനോ താരതമ്യപ്പെടുത്താനോ കഴിയാത്തവണ്ണം ഇരുവരും പകർന്നാടിയ വേഷങ്ങൾ ഇന്ത്യൻ സിനിമയ്‌ക്ക് മുന്നിൽ മലയാള ചലച്ചിത്ര വേദിയുടെ യശസ് വാനോളം ഉയർത്തുകയായിരുന്നു. എന്നാൽ പല സന്ദർഭങ്ങളിലും ഒരാൾ ഉപേക്ഷിച്ച ചിത്രം മറ്റൊരാൾക്ക് കരിയറിലെ വമ്പൻ ഹിറ്റ് തന്നെ സമ്മാനിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നിനെ പറ്റി പറയുകയാണ് തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. ഡെന്നിസ് തിരക്കഥ എഴുതി മോഹൻലാലിന് സൂപ്പർസ്‌റ്റാർ പട്ടം സമ്മാനിച്ച രാജാവിന്റെ മകനായിരുന്നു ആ ചിത്രം.

ഡെന്നിസ് ജോസഫിന്റെ വാക്കുകൾ-

'രാജാവിന്റെ മകൻ തിരക്കഥ പൂർത്തിയായപ്പോൾ എന്ന് സംബന്ധിച്ച് അത് മമ്മൂട്ടി ചെയ്യണമെന്നായിരുന്നു ആഗ്രഹം. സംവിധായകൻ തമ്പിക്കും (തമ്പി കണ്ണന്താനം) ഏറ്റവുമടുപ്പം മമ്മൂട്ടിയോടായിരുന്നു. അവര് തമ്മിൽ വളരെ ആത്മസുഹൃത്തുക്കളായിരുന്നു. പക്ഷ 'ആ നേരം അൽപദൂരം' എന്ന ചിത്രം പരാജയപ്പെട്ടതോടു കൂടി ആ ബന്ധത്തിൽ അൽപം വിള്ളൽ വന്നു. മമ്മൂട്ടി അന്ന് വിജയം വരിച്ചു നിൽക്കുന്ന ഹീറോയാണ്. ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യാൻ മമ്മൂട്ടി മടിച്ചു.

രാജാവിന്റെ മകന്റെ കഥ മമ്മൂട്ടിയ്‌ക്ക് ഇഷ്‌ടമായി. പക്ഷേ തമ്പിയുടെ പടത്തിലഭിനയിക്കാൻ എന്തോ മമ്മൂട്ടി മടിച്ചു. അങ്ങനെ ഞാനും തമ്പിയുമൊക്കെ ഒരുപാടു നിർബന്ധിച്ചിട്ടും മമ്മൂട്ടി അഭിനയിക്കാൻ മുതിർന്നില്ല. മുതിർന്നില്ലെന്ന് മാത്രമല്ല അന്നത്തെ നിലയ്‌ക്ക് തമ്പിക്ക് വിഷമമുണ്ടാകുന്ന രീതിയിൽ മമ്മൂട്ടി സംസാരിക്കുകയും ചെയ്‌തു. ആ വാശിയിൽ തമ്പി മോഹൻലാലിനെ സമീപിച്ചു.

lal-thampi-kannanthanam

കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ ഷൂട്ടിംഗ് സൈറ്റിലാണ് മോഹൻലാൽ അന്ന്. എപ്പോഴാ കഥ ഒന്നു കേൾക്കുക എന്ന് മോഹൻലാലിനോട് ഞാൻ ചോദിച്ചു. എനിക്കൊരു പരിചയവുമില്ലാത്ത മനുഷ്യനാണ് അന്ന് ലാൽ. സൂപ്പർ സ്റ്റാർ ആയിട്ടില്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള നിലയിൽ നിൽക്കുന്ന നടൻ. എന്നെ അമ്പരപ്പിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്, 'എനിക്ക് കഥയൊന്നും കേൾക്കണ്ട. നിങ്ങൾക്കൊക്കെ അറിയാമല്ലോ? പിന്നെന്ത് കഥ കേൾക്കാനാണ്'. ഇതായിരുന്നു മറുപടി.

അത് ഞങ്ങൾക്ക് വലിയ കോൺഫിഡൻസ് നൽകി. മോഹൻലാലിനെ വച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്‌ക്കിടെ എന്റെ റൂമിൽ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് അദ്ദേഹത്തിന്റെതായ രീതിയിൽ ഡയലോഗുകൾ പറയാൻ തുടങ്ങി. എന്നെ അസ്വസ്ഥനാക്കുകയാണ് ഉദ്ദേശം. അതോടുകൂടി ഞാൻ അസ്വസ്ഥനായി. ഞാൻ തമ്പിയോടു പറഞ്ഞു. വീണ്ടും ആലോചിച്ചാലോ എന്ന്. ഹേയ്, ഇനി ഫ്രീ ആയിട്ട് ചെയ്യാമെന്ന് പറഞ്ഞാലും അവനെന്റെ സിനിമയിൽ വേണ്ട. ഇതായിരുന്നു മറുപടി. സ്വന്തം കാർ വരെ വിറ്റിട്ടായിരുന്നു തമ്പി രാജാവിന്റെ മകൻ എടുത്തത്. സിനിമ സൂപ്പർ ഹിറ്റാവുകയായിരുന്നു'.