ചെറുതോണി: അധികൃതരുടെ അനാസ്ഥ കാരണം ഇടുക്കി മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുമ്പ് എത്തിച്ച സ്‌കാനിംഗ് മെഷീൻ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ല. ഇതുമൂലം പാവപ്പെട്ട രോഗികൾക്ക് പ്രയോജനപ്പെടേണ്ട ഒന്നരകോടിയിലധികം രൂപ വിലയുള്ള മെഷീനാണ് നശിക്കുന്നത്. ആദിവാസികളുൾപ്പെടെയുള്ള രോഗികളുടെ അഭ്യർത്ഥന മാനിച്ചാണ് ഇടുക്കി മെഡിക്കൽ കോളേജിൽ സ്‌കാനിംഗ് മെഷീൻ സർക്കാർ നൽകിയത്.
എന്നാൽ അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് പ്രവർത്തിക്കാനുള്ള ഡോക്ടറെ നിയമിക്കാത്തതാണ് തടസം. സ്‌കാനിംഗ് മെഷീൻ ഇപ്പോൾ മുറിയിൽ പൂട്ടി വച്ചിരിക്കുകയാണ്. സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കാതെ പൂട്ടിവച്ചാൽ മെഷീൻ നശിച്ചു പോകുമെന്ന് ഡോക്ടർമാർ പറയുന്നു. അടിമാലി, കട്ടപ്പന, തൊടുപുഴ എന്നിവയ്ക്ക് നടുവിലായിട്ടുള്ള ഏക ആശുപത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ്. ഇപ്പോൾ സ്‌കാനിംഗ് സൗകര്യമുള്ളത് കട്ടപ്പനയിലും തൊടുപുഴയിലുമാണ്. വാഹനാപകടങ്ങളിലും മറ്റ് അപകടങ്ങളിലുമായി ഗുരുതരമായി പരിക്കേറ്റ് ഇടുക്കിയിലെത്തുന്ന പലർക്കും തുടർ ചികിത്സ നൽകുന്നതിന് ചിലപ്പോൾ സ്‌കാനിംഗ് ആവശ്യമാണ്. ഇടുക്കിയിൽ സ്‌കാനിംഗ് ഇല്ലാത്തതിനാൽ തൊടുപുഴയിലോ കട്ടപ്പനയിലോ രോഗികളെ കൊണ്ടുപോകേണ്ടി വരും.
ഇതിനായി ആംബുലൻസ് വിളിക്കുന്നതിന് പാവപ്പെട്ടവരും ആദിവാസികളുമായ രോഗികൾക്ക് കഴിയാറില്ല. ആംബുലൻസ് വിളിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്തതാണ് തടസം. ഇടുക്കിയിലെ സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനായി ഡോക്ടറെ നിയമിക്കണമെന്ന് മുൻ ജില്ലാ കളക്ടർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെയും ബന്ധപ്പെട്ടവർ ഇതിന് തയ്യാറായിട്ടില്ല. അടിയന്തരമായി ഇടുക്കി മെഡിക്കൽ കോളേജിലെ സ്‌കാനിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാരും രോഗികളും ആവശ്യപ്പെടുന്നു.