കൊച്ചി: വൈപ്പിൻ മുനമ്പം വഴി മനുഷ്യക്കടത്തിന് പദ്ധതിയിട്ട മുഖ്യ സൂത്രധാരൻ പൊലീസ് വലയിലായതായി സൂചന. തമിഴ്നാട് സ്വദേശിയായ ഇയാളെ കുറിച്ചും ബോട്ട്മാർഗം ആസ്‌ട്രേലിയയിലേക്ക് കടക്കാൻ കൊച്ചിയിൽ എത്തിയവരെക്കുറിച്ചും വ്യക്തമായ വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘ തലവൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. തമിഴ്നാട് സ്വദേശിയാണ് മനുഷ്യക്കടത്തിന് പിന്നിലെന്ന് കൊച്ചി റേഞ്ച് ഐ.ജിയും സ്ഥിരീകരിച്ചിട്ടുണ്ട്. കേരള പൊലീസിന് പുറമേ, കേന്ദ്ര അന്വേഷണ ഏജൻസികൾ, തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരും അന്വേഷണം നടത്തുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ശീലങ്കൻ അഭയാർത്ഥികൾ കൊച്ചിയിൽ എത്തിയതെന്ന കണ്ടെത്തലിന് തുടർന്നാണ് ക്യൂ ബ്രാഞ്ചും അന്വേഷണം നടത്തുന്നത്.
ചെന്നൈയിലും രാമേശ്വരത്തും ഇവർ പരിശോധന നടത്തുന്നുണ്ട്. അതേസമയം, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കോവളം പനങ്ങോട് സ്വദേശി അനിൽകുമാറാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശീലങ്കൻ സംഘത്തെ അനിൽകുമാർ വെങ്ങാനൂർ ചാവടിനട ഭാഗത്തെ ഒരു വീട്ടിൽ താമസിപ്പിച്ചിരുന്നതായാണ് വിവരം. ഇതനുസരിച്ച്, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പനങ്ങോട്ടുള്ള അനിലിന്റെ വീട്ടിൽ പരിശോധന നടത്തി. അനിലിനൊപ്പം ഈ വീട് വാടകയ്ക്ക് എടുത്ത തമിഴ്നാട് സ്വദേശി ശ്രീകാന്തും ചാവടിനടയിൽ താമസിച്ചിരുന്നു. എന്നാൽ വീടുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ജനുവരി ഏഴിന് എറണാകുളം സ്വദേശി ജിബിൻ ആന്റണിയുടെ പക്കൽ നിന്ന് അനിൽകുമാറും ശ്രീകാന്തും ചേർന്ന് 40 ലക്ഷം രൂപയ്ക്ക് ബോട്ടു വാങ്ങിയത്. ജിബിൻ ആന്റണിക്ക് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കസ്റ്റഡിയിലുള്ള അനിൽകുമാർ കോവളത്തെയും വിഴിഞ്ഞത്തെയും ചെറുകിട കച്ചവടക്കാർക്കും മറ്റും വൻ തുകകൾ പലിശയ്ക്കു നൽകിയിട്ടുണ്ട്. ഇത് ശ്രീകാന്തിന്റെ പണമാകാമെന്നാണ് പൊലീസ് നിഗമനം.
മുനമ്പത്തു നിന്ന് ദയാമാത എന്ന ബോട്ടിൽ സംഘം പുറംകടലിലേക്കു പോയെന്നാണ് വിവരം. ബോട്ട് അന്താരാഷ്ട്ര കപ്പൽച്ചാലിൽ എത്തിയിരിക്കാനും സാദ്ധ്യതയുണ്ട്. സംഘം പുറംകടലിലെ ബോട്ടിലുണ്ടെന്ന നിഗമത്തിൽ നാവികസനേയും തീരരക്ഷാ സേനയുടെ കപ്പലുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് രണ്ടു ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ബോട്ട് കണ്ടെത്താനായില്ല. സംഘത്തെ കപ്പലിൽ ആസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ എത്തിക്കുകയാണ് കടത്തിയവരുടെ ലക്ഷ്യമെന്ന് കരുതുന്നു. ശ്രീലങ്കൻ തമിഴ് വംശജരായ അമ്പതോളം പേരാണ് മുനമ്പം വഴി കടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആസ്‌ട്രേലിയയിലേക്ക് കടക്കാൻ ഏകദേശം 200 ഓളം പേരാണ് കൊച്ചിയിലെത്തിയത്. ഇവരിൽ 41 പേർ മാത്രമാണ് ബോട്ടിൽ കടന്നതെന്നാണ് കരുതുന്നത്. ശേഷിക്കുന്നവർ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും തമ്പടിക്കുകയാണെന്നാണ് രഹസ്യ വിവരം. പൊലീസിലെ ഒരു ടീം ഇതേക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്.