ksrtc

കൊച്ചി: ഇന്ന് രാത്രി മുതൽ നടത്താനിരുന്ന കെ.എസ്.ആർ.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. പണിമുടക്ക് തടഞ്ഞ ഹെെക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സർക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെ.എസ്.ആർ.ടി.സി യൂണിയൻ അഭിപ്രായപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ യോഗം ചേർന്നാണ് നിലപാട് വ്യക്തമാക്കിയത്. കോടതി വിധിയെ വെല്ലുവിളിക്കുന്നില്ല. ആര് ചർച്ചയ്‌ക്ക് വിളിച്ചാലും പോകും. എന്നാൽ പണിമുടക്ക് മാറ്റില്ലെന്നും സമരസമിതി കൂട്ടിച്ചേർത്തു.

നേരത്തെ,അനിശ്ചിതകാല പണിമുടക്ക് ഹെെക്കോടതി തടഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി യൂണിയനുകൾ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായിരുന്നു. സമരക്കാർ നേരത്തെ നോട്ടീസ് നൽകിയിട്ടും ചർച്ചയ്‌ക്ക് വിളിക്കാൻ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമർശിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ന്​ അർദ്ധരാത്രി മുതൽ അനിശ്​ചിതകാല സമരം തുടങ്ങുമെന്നാണ് നേരത്തെ​ യൂണിയൻ നേതാക്കൾ അറിയിച്ചിരുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.