ബ്രസീലിയ: മഞ്ഞുമഴയെന്നും കല്ലുമഴയെന്നുമൊക്കെ കേട്ടിട്ടുണ്ടാകും. പക്ഷേ ചിലന്തിമഴയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കണമെങ്കിൽ ദക്ഷിണ ബ്രസീലിലെ മിനാഷെ ഗെറിയാസിലെന്ന നഗരത്തിലെത്തിയാൽമതി. ആയിരക്കണക്കിന് ചിലന്തികളാണ് ഇവിടെ പെയ്തിറങ്ങിയത്. സൂക്ഷിച്ചുനോക്കിയാൽകാണാം, അവ ശരിക്കും പെയ്തിറങ്ങുകയായിരുന്നില്ല. മറിച്ച് രണ്ട് മലകൾക്കിടയിൽ വലനെയ്ത് താമസമാക്കിയതാണ്.
ഒറ്റനോട്ടത്തിലൊന്നും വല കാണുകയുമില്ല. അപ്പോൾപ്പിന്നെ കാഴ്ചയിൽ ആകാശത്തുനിന്ന് പൊഴിയുന്നതായേ തോന്നൂ ! പരാവിക്സിയ ബിസ്റ്റ്റിയേറ്റ എന്ന വിഭാഗത്തിൽപെട്ട ചിലന്തികളെയാണ് ഈ നിലയിൽ ആകാശത്തുടനീളം കണ്ടെത്തിയത്. ആയിരക്കണക്കിന് ചിലന്തികളെയാണ് ഇങ്ങനെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതായി കണ്ടത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലാവുകയാണെങ്കിലും ഇവിടത്തുകാർക്ക് ഇതൊരു സാധാരണ കാഴ്ചയാണത്രെ!
വെയിലും, ഈർപ്പവും ഉള്ള കാലാവസ്ഥയിലാണ് ഈ ചിലന്തികൾ കൂട്ടത്തോടെയെത്തി വലിയ വലകൾ നിർമ്മിക്കുന്നത്. മറ്റു ചിലന്തികളെ പോലെ തന്നെ നേർത്ത ഇഴകളാണ് വലകൾക്കുണ്ടാവുക. അതിനാൽ തന്നെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വലകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ വിഷമമാണ്. അതുകൊണ്ട് തന്നെ ചിലന്തികൾ കൂട്ടത്തോടെ വായുവിൽ നടക്കുകയാണന്നേ പരിചയമില്ലാത്തവർക്കു തോന്നൂ. ഇതാണ് ഈ പ്രതിഭാസത്തിന് പ്രദേശവാസികൾ ചിലന്തിമഴ എന്നു പേരിടാൻ കാരണവും. വിഷമില്ലാത്തതിനാൽ ഇവയുടെ ഈ വലകെട്ടൽ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കില്ല.