ഇന്ദ്ര നൂയി ഇവാൻകയുടെ നോമിനി
ന്യൂയോർക്ക്:ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയും പെപ്‌സികോയുടെ മുൻ സി.ഇ.ഒയുമായ ഇന്ദ്ര നൂയിയെയും ( 63) വൈറ്റ്ഹൗസ് പരിഗണിക്കുന്നതായി അമേരിക്കൻ പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും വൈറ്ര് ഹൗസ് ഉപദേശകയുമായ ഇവാൻക ട്രംപാണ് ഇന്ദ്രനൂയിയെ നാമനിർദേശം ചെയ്‌തതെന്നാണ് സൂചന. ഇന്ദ്ര നൂയി തനിക്ക് വഴികാട്ടിയും പ്രചോദനവുമാണെന്ന് ഇവാൻക ട്രംപ് അടുത്തിടെ ട്വീറ്റ് ചെയ്‌തിരുന്നു.
തന്റെ കടുത്ത വിരോധിയായ ഇന്ദ്ര നൂയിയെ ട്രംപ് അനുകൂലിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപിന്റെ ഭരണവും കുടിയേറ്റ നയങ്ങളും ആശങ്കാജനകമാണെന്ന് പ്രതികരിച്ച ബിസിനസ് പ്രമുഖരിൽ ഇന്ദ്രനൂയിയും ഉണ്ടായിരുന്നു. ലോകബാങ്കിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടത്തിലെ രണ്ട് ഉന്നതർക്കൊപ്പം ഇവാൻക ട്രംപും സഹായിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയത്
പേര് 'ലോകബാങ്ക്' എന്നാണെങ്കിലും കാലങ്ങളായി അമേരിക്ക നാമനിർദേശം ചെയ്യുന്നവരാണ് പ്രസിഡന്റാകുന്നത്. ചൈനയും ഇന്ത്യയും ഇതിൽ മാറ്റം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഇന്ദ്ര നൂയിയും ലിസ്റ്റിൽ വന്നത്. ഇതേപറ്റി ഇന്ദ്രനൂയി പ്രതികരിച്ചിട്ടില്ല. 12 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഒക്‌ടോബറിലാണ് ഇന്ദ്ര നൂയി പെപ്‌സികോയുടെ പടിയിറങ്ങിയത്. ലോകബാങ്ക് പ്രസിഡന്റായിരുന്ന ജിം യോംഗ് കിം ഈമാസം ആദ്യം രാജി പ്രഖ്യാപിച്ചിരുന്നു. കാലാവധി തീരാൻ മൂന്നുവർഷം ശേഷിക്കേയാണ് രാജി.
പ്രസിഡന്റ് സ്ഥാനത്തേക്ക് അമേരിക്ക പരിഗണിക്കുന്നവരുടെ പട്ടികയിൽ യു.എന്നിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലി, വൈറ്ര് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡേവിഡ് മൽപസ്, മാർക്ക് ഗ്രീൻ, ഓവർസീസ് പ്രൈവറ്ര് ഇൻവെസ്‌റ്ര്‌മെന്റ് കോർപ്പറേഷൻ പ്രസിഡന്റ് റേ വാഷ്ബേൺ, മുൻ അംബാസഡർ റോബർട്ട് കിമ്മിറ്ര്, വൈറ്ര്‌ഹൗസിന്റെ മുൻ ഉപദേഷ്‌ടാവും ഗോൾഡ്മാൻ സാക്‌സ് എക്‌സിക്യൂട്ടിവുമായ ഡൈന പവൽ തുടങ്ങിയവരുമുണ്ട്.
ലോകബാങ്ക്
ഐക്യരാഷ്‌ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1945ൽ നിലവിൽ വന്നു. യഥാർത്ഥ പേര് ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്‌ട്രക്‌ഷൻ ആൻഡ് ഡെവലപ്‌മെന്റ്. 189 അംഗരാജ്യങ്ങൾ. ആസ്ഥാനം വാഷിംഗ്‌ടൺ ഡി.സി. വികസ്വര രാജ്യങ്ങളുടെ ഉന്നമനത്തിന് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം.
'അമേരിക്കൻ' പ്രസിഡന്റ്
അന്താരാഷ്‌ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) മാനേജിംഗ് ഡയറക്‌ടർ സ്ഥാനം യൂറോപ്പുകാർ വഹിക്കുന്നതുപോലെ, ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം സ്ഥിരമായി അലങ്കരിക്കുന്നത് അമേരിക്കക്കാരാണ്. മറ്റു രാജ്യക്കാരും മത്സരിക്കുമെങ്കിലും ജയിക്കുന്നത് അമേരിക്കൻ സ്ഥാനാർത്ഥി തന്നെ. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌ശക്തിയെന്നതിന് പുറമേ, ഉയർന്ന വോട്ടവകാശവുമാണ് അമേരിക്കയുടെ സ്വാധീനത്തിന് പിന്നിൽ. ലോകബാങ്കിന്റെ മൂലധനത്തിൽ പ്രധാന പങ്കുനൽകുന്നതും അമേരിക്കയാണ്.