കരാർ തള്ളിയത് 202നെതിരെ 432 വോട്ടിന്
തെരേസ മേയ്‌ക്ക് ചരിത്ര പരാജയം
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തു പോകുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് ബഹുഭൂരിപക്ഷത്തോടെ വോട്ടിനിട്ട് തള്ളിയതോടെ പ്രധാനമന്ത്രി തെരേസ മേയുടെ ഭാവി അനിശ്ചിതത്വത്തിലായി.
തെരേസ മേയുടെ നേതൃത്വത്തിൽ രണ്ട് വർഷം യൂറോപ്യൻ യൂണിയനുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കരാർ ബ്രിട്ടീഷ് പൊതുസഭ 202നെതിരെ 432 വോട്ടിനാണ് തള്ളിയത്.ആധുനിക ബ്രിട്ടന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ഒരു ഗവൺമെന്റ് പാർലമെന്റിൽ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. മേയുടെ കൺസർവേറ്റിവ് പാർട്ടിയിലെ 118 എം. പിമാർ പ്രതിപക്ഷ ലേബർ പാർട്ടിക്കൊപ്പം കരാറിനെ എതിർത്തു. അതേസമയം, മൂന്ന് ലേബർ എം. പിമാർ കരാറിനെ പിന്തുണച്ചു.
കരാർ പാർലമെന്റിൽ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി മേയ്‌ക്കെതിരെ ലേബർ പാർട്ടി നേതാവ് ജറമി കോർബിൻ ഇന്നലെ സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അതിലും പരാജയപ്പെട്ടാൽ ബ്രിട്ടൻ മൂന്ന് വർഷം നേരത്തേ പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാദ്ധ്യതയുണ്ട്.
ഇക്കൊല്ലം മാർച്ച് 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറേണ്ടത്. തുടർന്നുള്ള 21 മാസങ്ങളിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിനും രൂപം നൽകേണ്ടതായിരുന്നു. ബ്രെക്‌സിറ്റ് കരാറിൽ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് കൂടുതൽ എം.പിമാരുടെ പിന്തുണ നേടാനായി തെരേസ മേയ് നീട്ടിവയ്‌ക്കുകയായിരുന്നു.
അതേസമയം, മേയ് അവതരിപ്പിച്ച കരാറിൽ ചില ഇളവുകൾ വരുത്തി വീണ്ടും വോട്ടിനിടണമെന്ന് ഒരു വിഭാഗം എം. പിമാർ ആവശ്യപ്പെടുന്നുണ്ട്. കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന വാദവും ഉണ്ട്.
സാധാരണ ഗതിയിൽ ഇത്രയും പ്രധാനപ്പെട്ട ഒരു ഗവൺമെന്റ് നിയമം പാർലമെന്റിൽ പരാജയപ്പെട്ടാൽ പ്രധാനമന്ത്രി രാജിവയ്‌ക്കേണ്ടതാണ്. എന്നാൽ വോട്ടെടുപ്പിന് ശേഷം തെരേസ മേയ് നടത്തിയ പ്രസ്താവനയിൽ എം. പിമാരുമായി ചർച്ചയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിശ്വാസ വോട്ടിൽ ജയിച്ചാൽ കരാർ പരിഷ്‌കരിക്കാൻ എല്ലാ പാർട്ടികളുമായും ചർച്ച നടത്താമെന്നാണ് മേയുടെ വാഗ്ദാനം. തിങ്കളാഴ്‌ച പ്രധാനമന്ത്രി പുതിയൊരു കരാറുമായി പാർലമെന്റിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
അവിശ്വാസ പ്രമേയം
ബ്രിട്ടനിൽ അഞ്ച് വർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ്
അടുത്ത ഇലക്‌ഷൻ 2022ൽ നടക്കണം
നിലവിലുള്ള സർക്കാർ തുടരണോ എന്ന് അവിശ്വാസ പ്രമേയത്തിലൂടെ എം. പിമാർക്ക് തീരുമാനിക്കാം
ഭൂരിപക്ഷം എം.പിമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ പിന്നെ 14 ദിവസത്തെ കൗണ്ട് ഡൗൺ
ഈ കാലയളവിൽ നിലവിലുള്ള സർക്കാരിന് വീണ്ടും വിശ്വാസ വോട്ട് തേടാം
അല്ലെങ്കിൽ പുതിയൊരു സർക്കാർ രൂപീകരിച്ച് വിശ്വാസ വോട്ട് തേടാം
രണ്ടും പരാജയപ്പെട്ടാൽ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം