news

1. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ കന്യാസ്ത്രീമാര്‍ക്ക് സ്ഥലമാറ്റം. സമരം നടത്തിയ കന്യാസ്ത്രീമാര്‍ക്ക് കൂട്ട സ്ഥലമാറ്റം. നടപടി, സഭാ നിയമങ്ങള്‍ ലംഘിച്ച് പരസ്യ സമരത്തിനിറങ്ങിയതിന്. സ്ഥലമാറ്റം സമര നേതാവ് സിസ്റ്റര്‍ അനുപമ അടക്കം അഞ്ച് പേര്‍ക്ക് എതിരെ. സഭാ നിയമങ്ങള്‍ പാലിക്കാന്‍ കന്യാസ്ത്രീകള്‍ ബാധ്യസ്ഥരെന്ന് മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടം പുറത്തിറക്കിയ ഉത്തരവില്‍ പരാര്‍മശം.

2. സ്ഥലം മാറ്റിയത് കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ എന്നിവരെ. നാല് കന്യാസ്ത്രീമാരെയും മാറ്റിയത് വെവ്വേറെ സ്ഥലങ്ങളിലേക്ക്. സമര നേതാവായ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റി. മറ്റുള്ളവര്‍ക്ക് കണ്ണൂരിലും ഛത്തീസ്ഗഡിലും ആണ് സ്ഥലമാറ്റം. സഭയുടേത് പ്രതികാര നടപടി എന്ന് കന്യാസ്ത്രീകള്‍. കേരളത്തിന് പുറത്തേക്ക് മാറ്റിയത് കേസ് ദുര്‍ബലമാക്കാന്‍. പരാതി നല്‍കിയ കന്യാസ്ത്രീയെ ഒറ്റയ്ക്ക് നിറുത്തി പോകില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്നും പ്രതികരണം



3. 2018 മാര്‍ച്ചില്‍ തന്നെ കന്യാസ്ത്രീമാരോട് ഇതേ സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ഉത്തരവിറക്കിയത് മാര്‍ച്ചിലെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ സഭാ ചട്ടലംഘനത്തിന് നടപടി എടുക്കേണ്ട വരുമെന്ന നിര്‍ദ്ദേശത്തോടെ. കന്യാസ്ത്രീമാര്‍ക്ക് എതിരെ ഉള്ള നടപടി ബിഷപ്പിനും സഭയ്ക്കും എതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് കന്യാസ്ത്രീകള്‍ പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ.

4. കെ.എസ്.ആര്‍.ടി.സിയുടെ അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംയുക്ത സമരസിതി. തീരുമാനം, സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തിന് ശേഷം. ഹൈക്കോടതി ഉത്തരവ് പരിഗണിക്കുന്നില്ല. കോടതിയെ വെല്ലുവിളിക്കു അല്ല. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോകുമെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും യൂണിയന്‍ നേതാക്കള്‍. സമരസമിതിയുടെ തീരുമാനം, ജീവനക്കാര്‍ അഹ്വാനം ചെയ്ത സമരം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ.

5. വിഷയത്തില്‍ മധ്യസ്ഥ ശ്രമത്തിന് ഒരുങ്ങി സര്‍ക്കാര്‍. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി സമര സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. വൈകിട്ട് അഞ്ച മണിക്ക് മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടക്കും. കേസ് പരിഗണിച്ചപ്പോള്‍ എം.ഡിയ്ക്കും പണിമുടക്കിന് ആഹ്വാനം ചെയ്ത കെ.എസ്.ആര്‍.ടി.സിയ്ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പ്രശ്നപരിഹാരത്തിന് എം.ഡി എടുത്ത നിലപാട് ശരിയായില്ലെന്ന് കോടതി. ഒന്നാം തീയതി നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തുന്നത് എന്ന് ചോദ്യം.

6. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എം.ഡിക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടത് മാനേജ്‌മെന്റെന്നും പറഞ്ഞു. പണിമുടക്കിന് ആഹ്വാനം ചെയ്ത യൂണിയനുകള്‍ക്കും കോടതി വിമര്‍ശനം. സമരം നീട്ടി വച്ചുകൂടെ എന്ന് ചോദ്യം. നിയമപരമായ പരിഹാരങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണം. ചര്‍ച്ചയിലൂടെ പരിഹരിക്കുകയല്ലേ ശ്രമിക്കേണ്ടതെന്നും ഹൈക്കോടതിയുടെ ചോദിച്ചു. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ന് അര്‍ധ രാത്രി മുതല്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സമരം തുടങ്ങും.

7. ശബരിമലയിലെ പ്രത്യേക സാഹചര്യങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിന്ദുവിനും കനക ദുര്‍ഗയ്ക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. ബിന്ദുവിനെയും കനക ദുര്‍ഗയെയും കടത്തി വിട്ടത് ഭക്തരെ പ്രവേശിപ്പിക്കാത്ത സ്ഥലത്തുകൂടെ

8. സന്നിധാനത്തേക്ക് എത്തിച്ചത് ജീവനക്കാരെ മാത്രം പ്രവേശിപ്പിക്കുന്ന ഗേറ്റ് വഴി. ശ്രീകോവിലിന് ഉള്ളില്‍ എത്തിച്ചതും ഭക്തരെ കടത്തിവിടാത്ത സ്ഥലത്തുകൂടെ എന്നും തിരിച്ചറിയാത്ത 5 പേരും യുവതികള്‍ക്കൊപ്പം പ്രവേശിച്ചതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്നാമത് റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി റിപ്പോര്‍ട്ട്. കനക ദുര്‍ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയത് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക അജണ്ട ഇല്ല എന്നും ആയിരുന്നു കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം

9. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി ദേവസ്വം കടകംപള്ളി സുരേന്ദ്രന്‍. ഇന്ത്യയുടെ പൈതൃകം തകര്‍ക്കാന്‍ ശ്രമിക്കുന്നത് നരേന്ദ്ര മോദി എന്ന് പ്രഖ്യാപനം. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച യുവതികളെ തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു മന്ത്രിയുടെ വിമര്‍ശം. മോദിക്ക് മറുപടി പറയാന്‍ താന്‍ ആളല്ല

10. എന്ത് ഉദ്ദേശ്യത്തില്‍ ആണ് ഇന്നലെ മോദി കേരളത്തില്‍ എത്തിയത് എന്ന് എല്ലാവര്‍ക്കും അറിയാം. കേവലം രാഷ്ട്രീയ പ്രചരണത്തിന് ആണ് ഉദ്ഘാടന വേദി അദ്ദേഹം ഉപയോഗിച്ചത് എന്നും കടകംപള്ളി. സ്ത്രീകളെ ശബരിമലയില്‍ തടഞ്ഞത് പ്രാകൃത നടപടി. പൊലീസ് സംയമനത്തോടെ പെരുമാറി. അക്രമികളുടെ പേക്കൂത്തിന് പൊലീസ് നിന്നുകൊടുത്തില്ലെന്നും മന്ത്രി

11. കൊല്ലം ബൈപ്പാസ് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ സദസില്‍ നിന്ന് ശരണ വിളിയും കൂവലും ഉയര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കടുത്ത അതൃപ്തി എന്ന് വിവരം. താന്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ ഇത്തരത്തിലുള്ള സംഭവമുണ്ടായതില്‍ ശക്തമായ നീരസം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ മോദി അറിയിച്ചതായി സൂചന.