പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ കൂടിക്കാഴ്‌ച ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ലാൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അതിന്റെ ചർച്ചയ്‌ക്കായാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടതെന്നുമെല്ലാം സോഷ്യൽ മീഡിയയിലടക്കം ഊഹാപോഹങ്ങൾ നിറഞ്ഞു. എന്നാൽ അന്ന് എന്താണ് താൻ മോദിയുമായി സംസാരിച്ചത് എന്നതിനെ കുറിച്ച് മനസു തുറക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടൻ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലാലിന്റെ വാക്കുകൾ-
'അദ്ദേഹം എന്നെ 'മോഹൻജി' എന്നാണ് വിളിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു. സിനിമയിൽ നാൽപത്തൊന്നു വർഷമായെന്നു പറഞ്ഞപ്പോൾ അതു വലിയ അദ്ഭുതമായി. ഞാൻ അഭിനയിച്ച സംസ്‌കൃത നാടകമായ കർണഭാരത്തെക്കുറിച്ച് പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ദിവസമാണു ഞാൻ അദ്ദേഹത്തെ കാണുന്നത്. ആ ദിവസത്തെക്കുറിച്ച് ഓർക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് മോദിജിക്ക് സമ്മാനിച്ചത്. കേരളത്തെക്കുറിച്ച് ഒരുപാടു സംസാരിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പറഞ്ഞു. എന്റെ സ്വപ്നമായ ഹോളിസ്റ്റിക് യോഗ സെന്ററിനെക്കുറിച്ചു പറഞ്ഞപ്പോൾ 'മോഹൻജി ഞാൻ യോഗയുടെ ഒരു ബിഗ് ഫാൻ ആണെന്നായിരുന്നു മറുപടി.' അതിനുള്ള സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞു.
ഒരിക്കൽ പോലും രാഷ്ട്രീയം കടന്നുവന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നെന്ന് എനിക്കു തോന്നി. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കൊരറിവും ഇല്ലാത്തതു കൊണ്ട് അതിനെക്കുറിച്ച് പറയാനൊന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടു പെരുമാറിയത്.
ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് നമ്മുടെ രാഷ്ട്രീയ പ്രവേശനം. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ, രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണത്. എനിക്ക് ഇപ്പോഴുള്ളതു പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം.
മലയാളസിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നുള്ളൂ. ഒരു കാലത്ത് നസീർസാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ, ഇപ്പോൾ ഗണേഷും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്തു സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്കു വരാനും ഇലക്ഷനു നിൽക്കാനുമെല്ലാം പറഞ്ഞു. പക്ഷേ, ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.'