kumar

ബംഗളൂരു: ബി.ജെ.പിയുടെ ഓപ്പറേഷൻ ലോട്ടസിന് മറുപടിയായി വിമത എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി വരുതിയിലാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി റിപ്പോർട്ട്. വിമതരെ മുംബയിലെ റിനൈസൻസ് ഹോട്ടലിൽ നിന്നു തിരിച്ചെത്തിച്ചു മന്ത്രിസ്ഥാനം നൽകാനുള്ള കോൺഗ്രസിന്റെ നീക്കം ബി.ജെ.പി ക്യാമ്പുകളെ ആശയക്കുഴപ്പത്തിലാക്കി. കാണാതായ രണ്ടു കോൺഗ്രസ് എം.എൽ.എമാർ ക്യാമ്പിൽ തിരിച്ചെത്തിയതും കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം പകരുന്നു. എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, 5 മന്ത്രിമാർ സ്ഥാനം രാജിവയ്ക്കാനും തയ്യാറായിട്ടുണ്ട്. മുതിർന്ന നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, പ്രിയങ്ക് ഖാർഗെ, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ എന്നിവരാണു മന്ത്രിസ്ഥാനമൊഴിയാൻ തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാർ ഉൾപ്പെടെ 16 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിൽ മാത്രമേ ബി.ജെ.പിക്ക് സർക്കാരിനെ അട്ടിമറിക്കാൻ വഴിയൊരുങ്ങൂ. അതേസമയം, ബി.ജെ.പി എം.എൽ.എമാരെ വലയിലാക്കാൻ കോൺഗ്രസ് ശ്രമം നടത്തുന്നുണ്ടെന്ന ആരോപണം മുഖ്യമന്ത്രി കുമാരസ്വാമി തള്ളി. സർക്കാർ സുരക്ഷിതമാണെന്നും അദ്ദേഹം ആവർത്തിച്ചു.

'കാണാതായ" എം.എൽ.എ തിരിച്ചെത്തി

മൊബൈൽ ഓഫ് ആയെന്ന് വിശദീകരണം

കർണാടകത്തിൽ നിന്ന് കാണാതായ കോൺഗ്രസ് എം.എൽ.എ ഭീമ നായിക് തിരിച്ചെത്തി.

മൊബൈൽ ഫോണിന്റെ ചാർജർ എടുക്കാൻ മറന്നതിനാൽ ഫോൺ സ്വിച്ച് ഓഫ് ആയെന്നും അതിനാലാണ് നേതാക്കളുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നും ഭീമ നായിക് പറഞ്ഞു. താൻ ഗോവയിലായിരുന്നെന്നും ഭീമ നായിക് വ്യക്തമാക്കി. ഇന്നലെ കുമാരപ്രഭ ഗസ്റ്റ്ഹൗസിൽ നടന്ന ജെ.ഡി.എസ്- കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ എത്തിയാണ് ഭീമ നായിക് ഇക്കാര്യങ്ങൾ പറഞ്ഞത്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഭീമ നായിക്കുമായി സംസാരിച്ചു. നാളെ നടക്കാനിരിക്കുന്ന യോഗത്തിൽ മുഴുവൻ എം.എൽ.എമാരും പങ്കെടുക്കുമെന്ന് കോൺഗ്രസ്-ജെ.ഡി.എസ് നോതാക്കൾ അറിയിച്ചു.